വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

 

File image

Kerala

സബ് എൻജിനീയർക്ക് സസ്പെൻഷൻ; കണ്ണൂരിൽ കെഎസ്ഇബി ജീവനക്കാരുടെ പ്രതിഷേധം

ഇടതുപക്ഷ തൊഴിലാളി സംഘടനകളിൽപ്പെട്ട ജീവനക്കാരാണ് തിങ്കളാഴ്ച പ്രതിഷേധം നടത്തുന്നത്

Sarath Nath MS

കണ്ണൂർ: വൈദ്യുതിമന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ കറന്‍റ് പോയതിന് സബ് എൻജിനീയറെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ കെഎസ്ഇബി ജീവനക്കാരുടെ പ്രതിഷേധം. ഇടതുപക്ഷ തൊഴിലാളി സംഘടനകളിൽപ്പെട്ട ജീവനക്കാരാണ് തിങ്കളാഴ്ച പ്രതിഷേധം നടത്തുന്നത്.

കണ്ണൂരിൽ മന്ത്രി പങ്കെടുത്ത പരിപാടിയിൽ കറന്‍റ് പോയതിന് കെഎസ്ഇബി സബ് എൻജിനീയർ സതീഷ് ബാബുവിനെയാണ് ശനിയാഴ്ച സസ്പെൻഡ് ചെയ്തത്. പ്രതിഷേധത്തിന്‍റെ ഭാഗമായി കെഎസ്ഇബി ജില്ലാ ഹെഡ് ഓഫീസിൽ യോഗവും വിളിച്ചുചേർത്തിട്ടുണ്ട്.

സംഭവത്തിൽ സബ് എൻജിനീയറെ ബലിയാടാക്കുകയായിരുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സബ് എൻജിനീയർ തെറ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പൂർത്തിയാക്കുന്നതിന് മുമ്പ് എങ്ങനെയാണ് സസ്പെൻഡ് ചെയ്യുകയും പ്രതിഷേധക്കാർ ചോദിച്ചു. ഫീഡറിൽ ഉണ്ടായ നേരിയ തടസമാണ് വൈദ്യുതി മുടങ്ങാൻ ഇടയാക്കിയത്. അതിന് അടിയന്തരമായ അറ്റകുറ്റപ്പണിയാണ് ആവശ്യം. ആവശ്യമായ അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത് അംഗീകരിക്കാനാവാത്തതാണെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു.

കോൺഗ്രസ് എംഎൽഎ ടി.ഒ. മോഹനന്‍റെ പരാതിയെ തുടർന്നാണ് സബ് എൻജിനീയറെ സസ്പെൻഡ് ചെയ്തത്. വൈദ്യുതി മുടങ്ങിയത് മനപൂർവമായിരുന്നെന്നും സർക്കാർ പരിപാടി തടസപ്പെടുത്താനുള്ള ഇടതുപക്ഷ തൊഴിലാളികളുടെ നീക്കമായിരുന്നെന്നും പരാതിയിൽ ആരോപിച്ചിരുന്നു.