വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

 

File image

Kerala

വൈദ്യുതി വകുപ്പു മന്ത്രിസ്ഥാനം തലയിൽ അടിച്ചുകയറ്റിയ കുരിശാണെന്ന് സണ്ണി ജോസഫ്

ഇരിട്ടിയിൽ സംഘടിപ്പിച്ച ഉപഭോക്തൃ ശാക്തീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വൈദ്യുതി മന്ത്രി

Namitha Mohanan

ഇരിട്ടി: വൈദ്യുതിവകുപ്പ് മന്ത്രിസ്ഥാനം തലയിൽ അടിച്ചുകയറ്റിയ കുരിശാണെന്ന് വകുപ്പ് മന്ത്രി സണ്ണി ജോസഫ്. വകുപ്പിനെ ജനസൗഹൃദമാക്കാനുള്ള ശ്രമം നടക്കുകയാണെന്നും വൈദ്യുതിത്തൂണുകൾ പൊട്ടിവീണാൽപോലും മന്ത്രിയെ വിളിക്കുന്ന കാലമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. അതിൽ ആരെയും കുറ്റം പറയാനാവില്ല. ജനങ്ങളാണല്ലോ പരമാധികാരി- മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍റെ ആഭിമുഖ്യത്തിൽ "വൈദ്യുതി ഉപഭോക്തൃ പരാതി പരിഹാര ഫോറവും ഓംബുഡ്സ്മാനും പരാതി പരിഹാര സംവിധാനങ്ങളും പരാതി സമർപ്പിക്കേണ്ട രീതിയും'' എന്ന വിഷയത്തിൽ ഇരിട്ടിയിൽ സംഘടിപ്പിച്ച ഉപഭോക്തൃ ശാക്തീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു വൈദ്യുതി മന്ത്രി.

തനിക്കും തന്‍റെ കീഴിലുള്ള ജീവനക്കാർക്കും വേതനം നൽകുന്നത് ജനങ്ങളാണ്. വകുപ്പിലെ 90 ശതമാനം ജീവനക്കാരും നല്ലവരാണെന്നാണ് ജനങ്ങൾ പറയുന്നത്. അവശേഷിക്കുന്ന 10 ശതമാനമാണ് പ്രശ്നം. 99.99 ശതമാനവും നല്ലവരായ ജീവനക്കാർ വേണമെന്നാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.