ഭദ്രകീർത്തിയുടെ കടയിലെത്തി തട്ടുദോശ കഴിച്ച് സുരേഷ് ഗോപി; പിന്തുണ ഉറപ്പു നൽകി|Video
ചേരാനല്ലൂർ: ചേരാനല്ലൂർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തിയുടെ തട്ടുകടയിലെത്തി ഭക്ഷണം കഴിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ജയബാലകൃഷ്ണന്റെ മരണത്തിനു ശേഷം ഭദ്രകീർത്തി തട്ടു കട ഏറ്റെടുത്തു പ്രവർത്തിപ്പിക്കാൻ തുടങ്ങിയിരുന്നു. ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച വാഹനം ഇടിച്ചാണ് ജയബാലകൃഷ്ണൻ മരിച്ചത്. കേസിൽ നീതി ലഭിക്കുന്നതിനുള്ള പോരാട്ടത്തിലാണ് ഭദ്രകീർത്തിയും കുടുംബവും. തട്ടുകടയിലെത്തി ദോശ കഴിച്ച സുരേഷ് ഗോപി ഏറെ സമയം കടയിൽ ചെലവഴിച്ചതിനു ശേഷമാണ് മടങ്ങിയത്.
ഭദ്രകീർത്തിയുടെ സഹോദരനും അമ്മ ബിന്ദുവും കടയിൽ ഉണ്ടായിരുന്നു. ഭദ്രകീർത്തിയുടെ കടയിൽ എത്തിയ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് സുരേഷ് ഗോപി പങ്കു വച്ചത്. ഭദ്രകീർത്തിയുടെയും ബിന്ദുവിന്റെയും ആർജവം ഏവർക്കും വലിയൊരു മാതൃകയാണ്. ബിന്ദുവിനും മകൾക്കും പൂർണ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകും. ചേരാനല്ലൂർ വഴി കടന്നു പോകുന്നവർ ഏവരും ഇവരുടെ സ്നേഹക്കടയിൽ ഒന്ന് കയറണം, ഇവർക്ക് കരുത്തായി കൂടെ നിൽക്കണം എന്നും സുരേഷ് ഗോപി കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം.
തളരാത്ത മനസ്സോടെ ജീവിതത്തെ തിരിച്ചുപിടിക്കുന്ന ഒരു കുടുംബത്തിന്റെ സ്നേഹത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ ഹൃദയം നിറഞ്ഞ ആദരവ്...
ചേരാനല്ലൂരിൽ വാഹനാപകടത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട ജയബാലകൃഷ്ണന്റെ ഓർമ്മകൾ തുടിക്കുന്ന ആ കൊച്ചു തട്ടുകടയിൽ ഇന്ന് എത്തിച്ചേർന്നു. ചുമരിലിരുന്ന് ഇന്നും അവർക്ക് തണലേകുന്ന അച്ഛന്റെ ചിത്രത്തിന് മുന്നിൽ നിന്ന്, ആ സംരംഭം വീണ്ടും മുന്നോട്ട് കൊണ്ടുപോകുന്ന ഭാര്യ ബിന്ദുവിന്റെയും മക്കളുടേയും ആർജ്ജവം ഏവർക്കും വലിയൊരു മാതൃകയാണ്.
സ്വന്തം ജോലി പോലും മാറ്റിവെച്ച് അമ്മയ്ക്കൊപ്പം ചേർന്ന് നിൽക്കുന്ന മക്കളുടെ സ്നേഹം കാണുമ്പോൾ ഏറെ അഭിമാനം തോന്നുന്നു. ഇവരുടെ കൈപ്പുണ്യത്തിൽ വിരിഞ്ഞ ചൂടു ദോശയും ചമ്മന്തിയും ആസ്വദിച്ച് കഴിക്കാനും, ആ കുടുംബത്തോടൊപ്പം അല്പസമയം ചെലവഴിക്കാനും കഴിഞ്ഞത് വലിയൊരു സന്തോഷമാണ്.
പ്രിയപ്പെട്ട ബിന്ദുവിനും മക്കൾക്കും എന്നും എന്റെ പൂർണ്ണ പിന്തുണയും പ്രോത്സാഹനവും ഉണ്ടാകും. ചേരാനല്ലൂർ വഴി കടന്നുപോകുന്ന ഏവരും ഈ സ്നേഹക്കടയിൽ ഒന്ന് കയറണം, ഇവർക്ക് കരുത്തായി കൂടെ നിൽക്കണം.