സൂര്യ കൃഷ്ണമൂർത്തി
തിരുവനന്തപുരം: മുതിർന്ന കലാ-സാംസ്കാരിക പ്രവർത്തകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 78 വയസായിരുന്നു. കരൾ രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം.
ലിംക ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയ സാംസ്കാരികോത്സവമായ സൂര്യ ഫെസ്റ്റിന്‍റെ അമരക്കാരനാണ് കൃഷ്ണമൂർത്തി. ഒക്റ്റോബർ ഒന്നിന് ഈ വർഷത്തെ സൂര്യ ഫെസ്റ്റ് അരങ്ങേറാൻ ഇരിക്കെയാണ് കൃഷ്ണമൂർത്തിയുടെ അപ്രതീക്ഷിത വിയോഗം.
നാടകരചയിതാവ്, കലാ സംഘാടകൻ, സാംസ്കാരിക നായകൻ തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ കൃഷ്ണമൂർത്തി വ്യക്തിമുദ്ര പതിപ്പിച്ചു. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ കൂടിയാണ്. 2023ൽ കേരള സർക്കാർ സിവിലിയൻ ബഹുമതിയായ കേരളപ്രഭ നൽകി ആദരിച്ചു. മൂന്ന് തവണ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്‍റെ ഡയറക്റ്ററായിരുന്നു.
മേൽവിലാസം, എന്‍റെ രക്ഷകൻ, ചായക്കടക്കഥകൾ (ആറ് നാടകങ്ങളുടെ പരമ്പര) എന്നിവയാണ് കൃഷ്ണമൂർത്തിയുടെ നാടകങ്ങൾ. ഇതിൽ മേൽവിലാസം പിന്നീട് സിനിമയായപ്പോൾ തിരക്കഥയും എഴുതി.
കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പും തമിഴ്നാട് സർക്കാരിന്‍റെ കലൈമാമണി പുരസ്കാരവും സമഗ്ര സംഭാവനയ്ക്ക് പോണ്ടിച്ചേരി സർക്കാരിന്‍റെ പുരസ്കാരവും അടക്കമുള്ള അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
കോട്ടയത്തായിരുന്നു കൃഷ്ണമൂർത്തിയുടെ ജനനം. കേരളത്തിലെ ചീഫ് എൻജിനീയറായിരുന്ന ടി. നടരാജ പിള്ളയാണ് പിതാവ്. ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രവർത്തകയായ പി. സരസ്വതി അമ്മയാണ് മാതാവ്. നടരാജ കൃഷ്ണമൂർത്തി എന്നാണ് യഥാർഥ പേര്. തിരുവനന്തപുരം മോഡൽ സ്കൂൾ, ആർട്സ് കോളെജ്, കൊല്ലം ടികെഎം എൻജിനീയറിങ് കോളെജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. 1972ൽ ഐഎസ്ആർഒയിൽ ചേർന്നു. 1999ൽ സ്വയം വിരമിച്ച് പൂർണസമയ കലാപ്രവർത്തകനായി.
ഭാര്യ: രാജി. മക്കൾ: സീത (സിവിൽ സർവീസ്), ലക്ഷ്മണൻ . മരുമകൻ: ചന്ദൻ കുമാർ.