പ്രകാശ് രാജ്
കൊച്ചി: കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ യുഡിഎഫ് സർക്കാരിനും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനുമെതിരേ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. പരീക്ഷ എഴുതാൻ വിദ്യാർഥികളെ അനുവദിച്ചില്ലെങ്കിൽ അവരുടെ നിരാഹാര സമരത്തിൽ താനും പങ്കുചേരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ആറ് ദിവസമായി നിരാഹാര സമരം നടത്തുന്ന സസ്പെൻഡ് ചെയ്യപ്പെട്ട 16 വിദ്യാർഥികളെ സന്ദർശിക്കാനാണ് പ്രകാശ് രാജ് സർവകലാശാലയിലെത്തിയത്. പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് വിദ്യാർഥികൾ സമരം ആരംഭിച്ചത്. ക്യാമ്പസിൽ ആവശ്യമായ സൗകര്യങ്ങളില്ലെന്നാരോപിച്ച് ഓഗസ്റ്റ് 13ന് സിൻഡിക്കേറ്റ് യോഗത്തിനിടെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെ തുടർന്നാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. വൈസ് ചാൻസലർ സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്നും അവരെ കൈയേറ്റം ചെയ്തെന്നും സർവകലാശാലയുടെ സ്വത്തുവകകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും വിദ്യാർഥികൾക്കെതിരേ ആരോപണമുയർന്നിരുന്നു.
വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകണമെന്ന് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്തു. തുടർന്ന് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചു. വിഷയം പരിഗണിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിനോട് സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തു.
വിദ്യാർഥികൾ ഉയർത്തുന്ന ചോദ്യങ്ങളെയും പ്രതിഷേധങ്ങളെയും നേരിടുന്നതിൽ സർവകലാശാലയും സംസ്ഥാന സർക്കാരും ഏകാധിപത്യ സമീപനമാണ് സ്വീകരിക്കുന്നതെന്ന് പ്രകാശ് രാജ് ആരോപിച്ചു. "ഇതെന്ത് അരാജകത്വമാണ്? സർവകലാശാലയുടെയോ ഈ സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയുടെയോ ഏകാധിപത്യപരമായ പെരുമാറ്റമാണോ ഇത്? യുവാക്കൾ പ്രതിഷേധിക്കുന്നതും ചോദ്യങ്ങൾ ചോദിക്കുന്നതും തടയാൻ എല്ലാവരും മോദിയെയും കേന്ദ്ര സർക്കാരിനെയും പോലെ പെരുമാറുന്നത് എത്രകാലം തുടരും?"- അദ്ദേഹം ചോദിച്ചു.