സ്വാമി ഭദ്രാനന്ദ്
File photo
കൊച്ചി: ചലച്ചിത്ര മേഖലയിൽ അപ്രസക്തനായപ്പോൾ, ദേശീയതലത്തിൽ ശ്രദ്ധ ലഭിക്കാനാണ് നടൻ പ്രകാശ് രാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനുമെതിരേ ആക്ഷേപം ഉന്നയിക്കുന്നതെന്ന് സ്വാമി ഭദ്രാനന്ദ്. അഭിനവ ശിക്കാരി ശംഭുവായ പ്രകാശ് രാജ്, സ്വയം പ്രഖ്യാപിത സഖാവാണ്. ഇന്നോളം എന്തെങ്കിലും സാമൂഹ്യ സേവന പ്രവർത്തനമോ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളോ നടത്തിയിട്ടുള്ള ആളല്ല പ്രകാശ് രാജ് എന്നും ഭദ്രാനന്ദ്.
വി.ഡി. സതീശൻ കേരള മോദിയാണെന്നു പറയാൻ പ്രകാശ് രാജിന് എന്താണ് അധികാരം. മൂന്നാറിൽ പ്രകാശ് രാജിന് എതിരേയുള്ള കേസ് എന്താണെന്ന് മാധ്യമങ്ങൾ അന്വേഷിക്കണം. വാഗമണിൽ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നൽകിയ നോട്ടീസ് കൈപ്പറ്റാതെ നടക്കുകയാണ് പ്രകാശ് രാജ് എന്നും അദ്ദേഹം ആരോപിച്ചു.
കാലടിയിൽ കുട്ടികൾക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അവരെ തിരുത്തുകയാണ് വേണ്ടത്. ഗുരുക്കന്മാരോട് മാപ്പ് പറയുന്നത് കുറവായി കാണേണ്ടതില്ല. കാലടിയിൽ സമരം ചെയ്യുന്ന എസ്എഫ്ഐ നേതാക്കൾ വീട് കയറിയുള്ള അക്രമങ്ങൾ പോലും നടത്തിയിട്ടുണ്ട്. പി. ജയരാജനെ പോലുള്ള ത്യാഗികൾ ഒതുക്കപ്പെടുകയും അവസരവാദികളും ക്രിമിനലുകളും ദേശവിരുദ്ധരുമായ ഒരുകൂട്ടം ആളുകൾ കടന്നു വരുകയും ചെയ്യുന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം അധപ്പതിക്കാൻ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രകാശ് രാജിനെ പോലെയുള്ളവർ വിദ്യാർഥികളെ വഴിതെറ്റിക്കുമ്പോൾ മറ്റൊരു ഭാഗത്ത് നടക്കുന്ന തട്ടിപ്പുകൾ ആരും കാണാതെ പോവുകയാണ്. രാജകുമാരി ഗോൾഡിന്റെ പേരിൽ നടക്കുന്ന അനധികൃത സ്വർണ, കള്ളപ്പണ ഇടപാട് അന്വേഷിക്കാൻ പൊലീസ് തയാറാകണമെന്നും സ്വാമി ഭദ്രാനന്ദ് പറഞ്ഞു.
11 കിലോ സ്വർണം നൽകാമെന്ന് പറഞ്ഞ് ശർമിള എന്ന സ്ത്രീയിൽ നിന്ന് നാല് കോടി രൂപ ഡോളറായി കൈപ്പറ്റിയ രാജകുമാരി ഗ്രൂപ്പ് മാനേജിങ് ഡയറക്റ്റർ നാസറുദ്ദീൻ ഷഹാബുദീൻ, ഒരു കോടി 75 ലക്ഷം രൂപയുടെ സ്വർണം മാത്രമാണ് നൽകിയത്. പിന്നീട് ശർമിളക്കെതിരേ പരാതി നൽകുകയാണ് രാജകുമാരി ഗ്രൂപ്പ് ചെയ്തത്. ഇതിനു ഒത്താശ സ്ചെയ്തത് മുൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.
മലയാളത്തിലെ മഹാ നടനായ മമ്മൂട്ടി കേരളത്തിലെ ഏറ്റവും വലിയ വർഗീയ വിഷം ചീറ്റുന്ന ഗോപാലകൃഷ്ണന്റെ വീട് സന്ദർശിച്ചത് ഒഴിവാക്കണമായിരുന്നു. മമ്മൂട്ടി എന്തിനെയെങ്കിലും ഭയക്കുന്നുണ്ടോ എന്നും സ്വാമി ഭദ്രാനന്ദ് ചോദിച്ചു. ഗുരുവായൂരിൽ മത്സരിക്കാൻ പോയ സന്ദർഭത്തിൽ പോലും വർഗീയ വിഷം ചീറ്റിയ ആളാണ് ഗോപാലകൃഷ്ണൻ.
വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കാനുള്ള എന്ത് ബാധ്യതയാണ് യുഡിഎഫ് സർക്കാരിനുള്ളത്. കഴിഞ്ഞ പത്ത് വർഷം പിണറായി സർക്കാരിന്റെ തണലിലാണ് വെള്ളാപ്പള്ളി എന്ന വിഷ വൃക്ഷം വളർന്നു പന്തലിച്ചത്. വെള്ളാപ്പള്ളി വായ തുറക്കുന്നത് വർഗീയത പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണെന്നും സ്വാമി ഭദ്രാനന്ദ്.