മുഖ്യമന്ത്രി വി.ഡി. സതീശൻ

 
Kerala

മുൻ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടന്ന രീതിയിൽ ലോക കേരള സഭ തുടരില്ല: മുഖ്യമന്ത്രി വി.ഡി. സതീശൻ

ലോക കേരള സഭ വീണ്ടും നടത്താൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചെന്നും നേരത്തെ ഇടതുസർക്കാരിന്‍റെ കാലത്ത് വിമർശിച്ച നിലപാടിൽ നിന്ന് യുഡിഎഫ് പിന്മാറിയെന്നുമുള്ള വാർത്തകൾക്കിടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം

Sarath Nath MS

തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടന്ന അതേ രീതിയിൽ ലോക കേരള സഭ തുടരേണ്ടതില്ലെന്ന യുഡിഎഫ് സർക്കാരിന്‍റെ രാഷ്ട്രീയ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ സംഘടിപ്പിച്ച രീതിയിൽ ലോക കേരള സഭ നടത്തുന്നത് സർക്കാർ പരിഗണിക്കുന്നില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ സംസ്ഥാനവുമായി സാംസ്കാരിക, സാമൂഹിക-രാഷ്ട്രീയ, സാമ്പത്തിക തലങ്ങളിൽ ഏകോപിപ്പിക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച വേദിയാണ് ലോക കേരള സഭ.

ലോക കേരള സഭ വീണ്ടും നടത്താൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചെന്നും, നേരത്തെ ഇടതുസർക്കാരിന്‍റെ കാലത്ത് വിമർശിക്കുകയും ബഹിഷ്കരിക്കുകയും ചെയ്ത നിലപാടിൽ നിന്ന് യുഡിഎഫ് പിന്മാറിയെന്നുമുള്ള വാർത്തകൾക്കിടെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

ലോക കേരള സഭയുടെ ആറാം സമ്മേളനത്തിനായി സർക്കാർ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്ന് സതീശൻ പറഞ്ഞു. നിലവിൽ ലോക കേരള സഭ സെക്രട്ടേറിയറ്റിന് ഒരു ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. ഇതിന്‍റെ ഭരണപരമായ ചെലവുകൾക്കും നോർക്ക വകുപ്പിലൂടെ സംഘടിപ്പിക്കുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള ചില പരിപാടികൾക്കുമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാരിന്‍റെ ഏറ്റവും ഉയർന്ന പരിഗണനയിലുള്ള വിഷയമാണെന്നും ഇത്തരം നിർദേശങ്ങൾ നടപ്പാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.

ലോക കേരള സഭ വിഷയത്തിൽ സർക്കാർ 'യു-ടേൺ' എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കൂടിയായ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. “യു-ടേൺ അല്ല, റൈറ്റ് ടേണാണ്. ശരിയായ മാറ്റം എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോക കേരള സഭയുടെ നല്ല വശങ്ങൾ ഉൾപ്പെടുത്തുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട ധൂർത്തും ഒഴിവാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല”- സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ലോക കേരള സഭ എന്ന ആശയത്തോട് യുഡിഎഫിന് എതിർപ്പില്ല. അത് സംഘടിപ്പിച്ചിരുന്ന രീതിയിലെ അമിത ചെലവുകളോടാണ് എതിർപ്പ്. പരസ്യം ഉൾപ്പെടെയുള്ള അനാവശ്യ പ്രവർത്തനങ്ങളും ധൂർത്തും ഒഴിവാക്കുന്ന രീതിയിലാണ് ലോക കേരള സഭയ്ക്കായി ഫണ്ട് അനുവദിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ ലോക കേരള സഭയുടെ ഒരുക്കങ്ങൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിരുന്നു. ലോക കേരള സഭ എന്ന പേരിനോടോ ആശയത്തോടോ യുഡിഎഫിന് എതിർപ്പുണ്ടായിരുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

രാജസ്ഥാനിലെ 18 കൗൺസിലർമാർ 'അപ്രത്യക്ഷരായി'; ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിലെന്ന് കോൺഗ്രസ്

സ്കൂളിൽ അധ്യാപികയെ വെടിവച്ച് കൊന്നു; പിന്നാലെ പ്രതി സ്വയം വെടിയുതിർത്ത് മരിച്ചു

കേരള ഡോക്യുമെന്‍ററി ഫെസ്റ്റിവൽ; ഒരു ചിത്രത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രം

സാഹിൽ വകോഡെയുടെ മരണം; ഐഐടി ബോംബെയിലെ പ്രൊഫസർക്കെതിരേ നടപടി

ഡൽഹി പൊലീസ് കായിക ക്ഷമതാ പരിശോധന; ഓട്ടത്തിനിടെ 23കാരൻ കുഴഞ്ഞുവീണ് മരിച്ചു