ശബരിമല മണ്ഡലകാല തീർഥാടനത്തിന് തിങ്കളാഴ്ച വൈകിട്ട് നട തുറക്കും

 
Kerala

ശബരിമല മണ്ഡലകാല തീർഥാടനത്തിന് തിങ്കളാഴ്ച വൈകിട്ട് നട തുറക്കും

ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാർ ശബരിമലയിലെയും മാളികപ്പുറത്തെയും നട തുറക്കുന്നതോടെയാണ് മണ്ഡലകാല തീർഥാടനത്തിന് ഔദ്യോഗിക തുടക്കമാകുക

Sarath Nath MS

ശബരിമല: മണ്ഡലകാല തീർഥാടനത്തിന് മുന്നോടിയായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. നവംബർ 17നാണ് ഈ വർഷത്തെ മണ്ഡലകാല തീർഥാടനത്തിന് തുടക്കമാകുന്നത്.

മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്‍റെ സാന്നിധ്യത്തിലായിരിക്കും ചടങ്ങുകൾ. തുടർന്ന് പതിനെട്ടാംപടി ഇറങ്ങി ആഴിയിൽ അഗ്നി പകരുന്ന മേൽശാന്തി, പുതുതായി നിയമിക്കപ്പെട്ട മേൽശാന്തിമാരെ സന്നിധാനത്തേക്ക് ആനയിക്കും.

വൈകിട്ട് 6.30ഓടെ പുതിയ ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയുടെ അവരോധന ചടങ്ങ് തന്ത്രി നിർവഹിക്കും. മാളികപ്പുറം ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയെയും ഇതോടൊപ്പം അവരോധിക്കും.

തിങ്കളാഴ്ച മറ്റ് പൂജകളൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തിമാർ ശബരിമലയിലെയും മാളികപ്പുറത്തെയും നട തുറക്കുന്നതോടെയാണ് മണ്ഡലകാല തീർഥാടനത്തിന് ഔദ്യോഗിക തുടക്കമാകുക.

ഡിസംബർ 27നാണ് മണ്ഡലപൂജ. അന്നത്തെ പൂജകൾക്കുശേഷം ക്ഷേത്രനട അടയ്ക്കും. ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് മകരവിളക്ക് തീർഥാടനത്തിനായി വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം. ജനുവരി 19 വരെ ഭക്തർക്ക് ദർശനം നടത്താം. ജനുവരി 20ന് ക്ഷേത്രനട അടയ്ക്കും.

പ്രതിദിനം 80,000 ഭക്തർക്ക് മാത്രമായിരിക്കും ദർശനത്തിന് അനുമതി. ഓൺലൈൻ ബുക്കിങ് നിർബന്ധമായിരിക്കും.