മധുർജ‍്യ സോനേവാൽ
കൊച്ചി: മോഷണക്കേസിൽ റിമാൻഡിലായിരുന്ന അസം സ്വദേശി ആലുവ സബ് ജയിലിൽ നിന്നും ചാടിപ്പോയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. അസം സ്വദേശിയും 28കാരനുമായ മധുർജ‍്യ സോനേവാലാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 24ന് ജയിൽ ചാടിയത്.
മൂന്ന് പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേ വകുപ്പ് തല നടപടി ആരംഭിച്ചു. സംഭവത്തിൽ ജയിൽ മേധാവി റിപ്പോർട്ട് തേടുകയും ചെയ്തു. മോഷണക്കേസിൽ പെരുമ്പാവൂർ പൊലീസിന്‍റെ സഹായത്തോടെ ആലുവ എടത്തല പൊലീസ് ഇയാളെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആലുവ സബ് ജയിലിലടച്ചത്.
ജയിലിനകത്ത് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കയറുകയും പിന്നീട് മതിൽ ചാടി ഇയാൾ രക്ഷപ്പെട്ടതായിരിക്കാമെന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ ജയിൽ അധികൃതർ കരുതുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇയാൾ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തുകയും തന്‍റെ ആധാർ കാർഡ് തിരിച്ച് നൽകണമെന്ന് ആവശ‍്യപ്പെടുകയുമായിരുന്നു. പൊലീസിന് ആദ‍്യം ഇയാളെ തിരിച്ചറിയാൻ സാധിച്ചില്ല.
ആധാർ കാർഡ് ആവശ‍്യപ്പെട്ടെങ്കിലും കേസിൽ എടത്തല പൊലീസിനെ സഹായിച്ച ഉദ‍്യോഗസ്ഥരെ കണ്ടപ്പോൾ സ്ഥലം വിടുകയായിരുന്നു. ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയാതായും എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരങ്ങൾ കൈമാറിയതായി അധികൃതർ വ‍്യക്തമാക്കി. അസം പൊലീസിനെ വിവരം അറിയിക്കുമെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ വീഴ്ചയിൽ ജയിൽ വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.