തേക്കടിയിൽ മന്ത്രിയുടെ ഉദ്ഘാടനത്തിന് പിന്നാലെ വേദി തകർന്നു വീണു; മൂന്ന് പൊലീസുകാർക്ക് പരുക്ക്
ഇടുക്കി: തേക്കടിയിൽ സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്‍റെ ഉദ്ഘാടന വേദി തകർന്നു വീണു. വനം മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ചതിനു പിന്നാലെയാണ് താത്ക്കാലിക വേദി തകർന്നത്. അപകടത്തിൽ 3 പൊലീസുകാർക്ക് പരുക്കേറ്റു. പരിപാടിക്ക് ശേഷം അതിഥികളും പൊതുജനങ്ങളും മടങ്ങിയ ശേഷം അപകടം നടന്നതിൽ വലിയ ദുരന്തമാണ് ഒഴിവായത്.
രാവിലെ പത്തരയോടെ ആരംഭിച്ച ചടങ്ങിൽ വനം മന്ത്രി, പീരിമേട്, പൂഞ്ഞാർ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ, മാധ്യമപ്രവർത്തകർ, പ്രദേശവാസികൾ എന്നിങ്ങനെ 1000 ത്തോളം പോർ പങ്കെടുത്തിരുന്നു. ചടങ്ങും ഭക്ഷണ വിതരണവും നടന്ന് എല്ലാവരും പിരിഞ്ഞു പോയി ഒരു മണിക്കൂറിന് ശേഷമായിരുന്നു അപകടം.
കട്ടപ്പനയിലെ ഒരു സ്വകാര്യ ഏജൻസി നിർമിച്ച താത്ക്കാലിക പന്തലാണ് തകർന്നത്. ശക്തമായ കാറ്റോ പ്രതികൂല കാലാവസ്ഥയോ ഇല്ലാതിരുന്നിട്ടും വേദി തകർന്നത് നിർമാണത്തിന്‍റെ അപാകതയാണെന്ന് വിമർശനമുണ്ട്.