ആർ. സുഗതൻ
തിരുവനന്തപുരം: വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതനെതിരേ വധശ്രമം ഉൾപ്പടെ 19 ക്രമിനൽ കേസുകൾ. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലാണ് വധശ്രമം, ലഹളയുണ്ടാക്കൽ, പൊലീസിന്‍റെ ഔദ‍്യോഗിക കൃത‍്യനിർവഹണം തടസപ്പെടുത്തൽ അടക്കമുള്ള കേസുകളുള്ളത്.
നിരന്തരം കുറ്റകൃത‍്യങ്ങളിൽഏർപ്പെടുന്ന പശ്ചാത്തലത്തിലാണ് സുഗതനെതിരേ കാപ്പാ നിയമ പ്രകാരം തിരുവനന്തപുരം ജില്ലാ കലക്റ്റർ നടപടി സ്വീകരിച്ചത്. ഇതോടെ കഴിഞ്ഞ ദിവസം വീട് വളഞ്ഞ് സുഗതനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ മാസം വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്നു സുഗതൻ.
ഈ കേസിൽ ഹൈക്കോടതിയിൽ ജാമ‍്യത്തിന് ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനാൽ വട്ടിയൂർക്കാവ് എസ്എച്ച്ഒയ്ക്കു മുന്നിൽ ഏഴാം തീയതി കീഴടങ്ങേണ്ടതായിരുന്നു. ഹാജരാകാത്തതുകൊണ്ടാണ് വീട് വളഞ്ഞ് പൊലീസ് അറസ്റ്റിന് ശ്രമിച്ചത്.