തൊടുപുഴയിൽ നിന്നും കാണാതായ ബിജുവിന്‍റെ മൃതദേഹം ഗോഡൗണിലെ മാൻ ഹോളിൽ; പുറത്തെടുക്കാൻ തീവ്ര ശ്രമം
തൊടുപുഴ: തൊടുപുഴയിൽ നിന്നും വ്യാഴാഴ്ച മുതൽ കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്‍റെ മൃതദേഹം കണ്ടെത്തി. കലയന്തായി ചെത്തിമറ്റത്തെ കാറ്ററിങ് ഗോഡൗണിലെ മാൻ ഹോളിലാണ് മൃതദേഹം ഉള്ളത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ കാറ്ററിങ് ബിസിനസ് പങ്കാളിയും 2 ഗുണ്ടകളും അറസ്റ്റിലായിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് കുടുംബം ബിജുവിനെ കാണാനില്ലെന്ന് പരാതി നൽകിയത്. തുടർന്നു നടത്തിയ തെരച്ചിലിൽ ബിജുവിന്‍റെ വീടിന് സമീപം പിടിവലി നടന്നതിന്‍റെ സൂചനകൾ കണ്ടെത്തി. ഇവിടെ നിന്നും ബിജുവിന്‍റെ വസ്ത്രങ്ങളും ചെരുപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്..
എറണാകുളത്തു നിന്നും കാപ്പ ചുമത്തിയ പ്രതിയിൽ നിന്നും ലഭിച്ച വിവരത്തിൽ നിന്നാണ് ബിജുവിന്‍റെ കൊലപാതകത്തിലേക്ക് പൊലീസ് എത്തിയത്. പണവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.