കേരളത്തിന്‍റെ അതിദാരിദ്ര്യ നിർമാർജനം മാതൃക‍യാക്കി യുഎൻ

 
Kerala

കേരളത്തിന്‍റെ അതിദാരിദ്ര്യ നിർമാർജനം മാതൃക‍യാക്കി യുഎൻ|Video

വീഡിയോ ന്യൂയോര്‍ക്കില്‍ പ്രകാശനം ചെയ്തു

നീതു ചന്ദ്രൻ

തിരുവനന്തപുരം: കേരളം ജനപങ്കാളിത്തത്തിലൂടെ അതിദാരിദ്ര്യം നിർമാർജനം നടപ്പിലാക്കിയതിനെ മാതൃകയാക്കി ഐക്യരാഷ്‌ട്രസഭ. വികസനത്തിനുള്ള അവകാശ പ്രഖ്യാപനത്തിന്‍റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭ പുറത്തിറക്കുന്ന 'വികസനത്തിനുള്ള അവകാശം - മികച്ച മാതൃകകള്‍' വീഡിയോ പരമ്പരയിലാണ് കേരളത്തിന്‍റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയും ഇടം നേടി. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വീഡിയോ പ്രകാശനം ചെയ്തത്. മനുഷ്യാവകാശ വിഭാഗത്തിന്‍റെയും സാമ്പത്തിക-സാമൂഹിക കാര്യ വകുപ്പിന്‍റെയും അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍മാര്‍, വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, മറ്റ് ഉന്നത നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അതിദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്താനായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്--ട്രേഷന്‍ (കില) യുടെ നേതൃത്വത്തിൽ രൂപകല്‍പ്പന ചെയ്ത പദ്ധതി ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിന്‍റെ ശ്രദ്ധ നേടിയിരിക്കുകയാണ്. പ്രാദേശിക ഭരണത്തിലെ ശേഷി വികസനത്തില്‍ കില നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രാദേശിക ഇടപെടലുകള്‍ക്കുള്ള അന്താരാഷ്ട്ര അംഗീകാരം കൂടിയാണിത്.

കേരളത്തില്‍ ഏകദേശം പത്ത് ലക്ഷം പേര്‍ നേരിട്ട് പങ്കെടുത്താണ് അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തിയത്. ഓരോ സമൂഹത്തിലെയും ദുര്‍ബല വിഭാഗങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ മനസ്സിലാക്കി, അവയ്ക്കനുസൃതമായ പരിഹാരങ്ങള്‍ രൂപപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍, ജനപങ്കാളിത്തത്തോടെ നടന്ന പ്രക്രിയയിലൂടെ 64,000-ലധികം അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുകയും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഏകോപനത്തിൽ വിവിധ സർക്കാർ സംവിധാനങ്ങളുടെ പങ്കാളിത്തത്തോടെ ഓരോ അതിദരിദ്ര കുടുംബങ്ങളുടെയും ആവശ്യങ്ങള്‍ക്കനുസൃതമായ പ്രത്യേക പിന്തുണ ലഭ്യമാക്കി.

ഇതുവഴിയാണ് അതിദാരിദ്ര്യ നിര്‍മാർജനം എന്ന ലക്ഷ്യം കേരളം കൈവരിച്ചത്. 2025 നവംബര്‍ 1 ന് സംസ്ഥാന സര്‍ക്കാര്‍ കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയും അതിദാരിദ്ര്യ നിർമാർജന പ്രക്രിയയുടെ രണ്ടാം ഘട്ടത്തിനു രൂപം നല്‍കുകയും ചെയ്തിരുന്നു.

ദരിദ്രരായ ജനങ്ങളെ കേള്‍ക്കുന്നതിലൂടെയും അവരുമായുള്ള സംവാദത്തിലൂടെയുമാണ് ജനപങ്കാളിത്തത്തിലും അന്തസ്സിലും മനുഷ്യാവകാശങ്ങളിലും അധിഷ്ഠിതമായ വികസന ഇടപെടലുകള്‍ രൂപപ്പെട്ടതെന്ന് കേരളത്തിന്‍റെ അനുഭവം തെളിയിക്കുന്നു. ജനങ്ങളെ വികസനത്തിന്‍റെ കേന്ദ്രത്തില്‍ നിര്‍ത്തുക എന്നതാണ് വികസനത്തിനുള്ള അവകാശത്തിന്‍റെ അടിസ്ഥാന സന്ദേശം. ആ സന്ദേശത്തിന്‍റെ പ്രായോഗിക മാതൃകയായാണ് കേരളത്തിന്‍റെ അനുഭവം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്.