രേഖ ആര്യ, ഭർത്താവ് ഗിരിധരി ലാൽ സാഹു

 
Kerala

ഭർത്താവ് തന്നെ കൊല്ലാൻ ഗൂഢാലോചന നടത്തി; പരാതിയുമായി മന്ത്രി

ശാരീരികമായി ഉപദ്രവിച്ചെന്നും വഞ്ചിച്ചെന്നും കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്

Manju Soman

ഡെറാഡൂൺ: ഭർത്താവ് തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന പരാതിയുമായി ഉത്തരാഖണ്ഡ് വനിതാ ശിശുവികസന മന്ത്രി രേഖ ആര്യ. ഭർത്താവ് ഗിരിധരി ലാൽ സാഹുവിനെതിരെയാണ് രേഖ പൊലീസിൽ പരാതി നൽകിയത്. ശാരീരികമായി ഉപദ്രവിച്ചെന്നും വഞ്ചിച്ചെന്നും കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.

ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മന്ത്രി ഭർത്താവിനെതിരേ ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്. ഭർത്താവ് മറ്റൊരു സ്ത്രീയുമായി സംസാരിക്കുന്ന ഓഡിയോ താൻ കേട്ടെന്നും അതിൽ തന്നെ കൊല്ലാനുള്ള ഗൂഢാലോചനയുണ്ടെന്നുമാണ് മന്ത്രി പറയുന്നത്. വിഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം ഡെറാഡൂണിലെ കൃഷ്ണ മെഡിക്കൽ സെന്‍ററിൽ മന്ത്രിയെ പ്രവേശിപ്പിച്ചു.

ആദ്യ വിവാഹം മറച്ചുവച്ചാണ് സാഹു തന്നെ വിവാഹം ചെയ്തത് എന്നാണ് രേഖ പറയുന്നത്. ഭാര്യയും മക്കളുമുണ്ടെന്ന കാര്യം ഭർത്താവ് മറച്ചുവച്ചു. വർഷങ്ങൾക്ക് ശേഷമാണ് ഈ വിവരം അറിയുന്നത്. കുട്ടികളുടെ ഭാവിയെ ഓർത്ത് മൗനം പാലിച്ചു. എന്നാൽ ഭർത്താവ് വീണ്ടും മറ്റു സ്ത്രീകളുമായി ബന്ധം തുടർന്നു എന്നാണ് രേഖ പറയുന്നത്. പ്രായപൂർത്തിയാകാത്ത മക്കളെ ഭർത്താവ് ഭീഷണിപ്പെടുത്തിയെന്നും ജീവനക്കാരുടെ മുൻപിൽ വച്ച് തന്നെ തനിക്കു നേരെ ജാതീയ അധിക്ഷേപം നടത്തിയെന്നും രേഖ ആര്യ കൂട്ടിച്ചേർത്തു.