വി. വേണു
തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയുടെ ചെയർമാനായി മുൻ ചീഫ് സെക്രട്ടറി വി. വേണുവിനെ നിയമിച്ചു. മുൻ ചെയർമാൻ പി.എച്ച്. കുര്യൻ അന്തരിച്ച ഒഴിവിലേക്ക് സംസ്ഥാന സർക്കാരിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര സർക്കാരാണ് നിയമനം നടത്തിയത്.
1990 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ വേണു 2023 - 2024 കാലഘട്ടത്തിൽ സംസ്ഥാനത്തിന്റെ 48-ാമത് ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സർവീസിലിരിക്കെ പരിസ്ഥിതി, വനം, ആഭ്യന്തരം, റവന്യൂ, ദുരന്തനിവാരണം, ടൂറിസം, സാംസ്കാരികം തുടങ്ങി വിവിധ പ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. 2018ലെ പ്രളയാനന്തര പുനർനിർമാണത്തിനായി രൂപീകരിച്ച റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ സിഇഒ ആയും പ്രവർത്തിച്ചിരുന്നു.