കാസർഗോട് സ്ഥിതിചെയ്യുന്ന കേന്ദ്ര സർവകലാശാല

 
Kerala

കേന്ദ്ര സർവകലാശാലയിലെ വന്ദേ മാതരം സെമിനാർ; ആർഎസ്എസ് നേതാവിന്‍റെ സാന്നിധ്യത്തിനെതിരേ പ്രതിഷേധിച്ച് വിദ്യാർഥികൾ

വന്ദേ മാതരത്തിന്‍റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്റ്റോബർ 6, 7 തീയതികളിൽ നടക്കുന്ന രണ്ട് ദിവസത്തെ ദേശീയ സെമിനാറിലാണ് പ്രശ്നമുണ്ടായത്

Sarath Nath MS

കാസർഗോട്: സംസ്ഥാനത്ത് കാസർഗോട് സ്ഥിതിചെയ്യുന്ന കേന്ദ്ര സർവകലാശാലയിൽ വന്ദേ മാതരവുമായി ബന്ധപ്പെട്ട് നടന്ന സെമിനാറിൽ ആർഎസ്എസ് ദേശീയ കൺവീനർ ജെ. നന്ദകുമാർ പങ്കെടുത്തതിൽ പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകൾ. കെഎസ്‌‍യു, എംഎസ്‌എഫ്, എസ്‌എഫ്ഐ, എഐഎസ്എഫ് എന്നിവരാണ് പ്രതിഷേധിച്ചത്. ചൊവ്വാഴ്ചയായിരുന്നു പ്രതിഷേധം.

രജിസ്റ്റർ ചെയ്തിട്ടും പല വിദ്യാർഥികൾക്കും പരിപാടിയിൽ പ്രവേശനം നിഷേധിച്ചുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പ്രതിഷേധക്കാരായ വിദ്യാർഥികൾ പരിപാടി നടക്കുന്ന ഹാളിലേക്ക് കടക്കാതിരിക്കാൻ കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. എന്നാൽ മുദ്രാവാക്യം വിളിച്ച് എത്തിയ പ്രതിഷേധക്കാർ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. അതേസമയം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് എന്തുകൊണ്ട് പ്രവേശനം അനുവദിച്ചില്ലെന്ന കാര്യം അറിയില്ലെന്ന് സർവകലാശാല ഡീൻ പ്രതികരിച്ചു.

വന്ദേ മാതരത്തിന്‍റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്റ്റോബർ 6, 7 തീയതികളിൽ നടക്കുന്ന രണ്ട് ദിവസത്തെ ദേശീയ സെമിനാറിലാണ് പ്രശ്നമുണ്ടായത്. സാഹിത്യ അക്കാദമി, അഖില ഭാരതീയ സാഹിത്യ പരിഷത്ത്, സർവകലാശാല എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. സെമിനാറിൽ മുഖ്യപ്രഭാഷണം നടത്താൻ എത്തിയതായിരുന്നു നന്ദകുമാർ. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആണ് സമാപന ചടങ്ങിൽ മുഖ്യാതിഥി.