കേരള നിയമസഭാ മന്ദിരം.

 

Representative image

Kerala

വിസി നിയമനത്തിൽ സർക്കാരിനു കൂടുതൽ സ്വാധീനം? സെർച്ച് കമ്മിറ്റിയിൽ സെനറ്റിനു പകരം സിൻഡിക്കേറ്റ്; ഭേദഗതി വരുന്നു

ഏഴു സർവകലാശാലകളെ ബാധിക്കുന്ന യൂണിവേഴ്സിറ്റി ലോസ് (അമെൻഡ്മെന്‍റ്) ബിൽ; വിസിമാരുടെ കാലാവധിയും പ്രായപരിധിയും കൂട്ടാനും വ്യവസ്ഥ

Thiruvananthapuram Bureau

സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ സർക്കാരിനു കൂടുതൽ സ്വാധീനം ലഭിക്കുന്ന ഭേദഗതി ബിൽ യുഡിഎഫ് സർക്കാർ ഈ മാസം 30ന് നിയമസഭയിൽ അവതരിപ്പിക്കും. നാലു സർവകലാശാലകളിലെ സെർച്ച് കമ്മിറ്റിയിൽ സർവകലാശാലാ പ്രതിനിധിയെ സെനറ്റിനു പകരം സിൻഡിക്കേറ്റ് തിരഞ്ഞെടുക്കും. വിസിമാരുടെ കാലാവധിയും പ്രായപരിധിയും കൂട്ടാനും വ്യവസ്ഥയുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ സർക്കാരിനു കൂടുതൽ സ്വാധീനം ലഭിക്കുന്ന തരത്തിൽ നിയമഭേദഗതിക്കു യുഡിഎഫ് സർക്കാർ ഒരുങ്ങുന്നു. ഏഴു സംസ്ഥാന സർവകലാശാലകളെ ഉൾപ്പെടുത്തി തയാറാക്കിയ യൂണിവേഴ്സിറ്റി ലോസ് (അമെൻഡ്മെന്‍റ്) ബിൽ ഈ മാസം 30നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനാണു നീക്കം.

ഇപ്പോൾ കേരള, കാലിക്കറ്റ്, മഹാത്മാ ഗാന്ധി, കണ്ണൂർ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ കണ്ടെത്താൻ മൂന്നംഗ സെർച്ച് കമ്മിറ്റിയുണ്ട്. ഇതിൽ ഒരാളെ തിരഞ്ഞെടുക്കുന്നത് സർവകലാശാലയുടെ വിശാല പ്രതിനിധിസമിതിയായ സെനറ്റാണ്. യുജിസി ചെയർമാനും ചാൻസലറും (ഗവർണർ) നാമനിർദേശം ചെയ്യുന്നവരാണു മറ്റു രണ്ട് അംഗങ്ങൾ.

ഈ നാലു സർവകലാശാലകളിൽ സർവകലാശാലാ പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള ചുമതല സെനറ്റിനു പകരം സർവകലാശാലയുടെ എക്സിക്യൂട്ടീവ് സമിതിയായ സിൻഡിക്കേറ്റിനു നൽകണം എന്നതാണ് ബില്ലിലെ പ്രധാന നിർദേശം.

കേരള കാർഷിക സർവകലാശാലയിലെ വിസി നിയമനസമിതിയിലും മാറ്റമുണ്ട്. ഇപ്പോൾ സമിതിയിലേക്ക് അംഗത്തെ നാമനിർദേശം ചെയ്യുന്നതു ജനറൽ കൗൺസിലാണ്. ഇതിനു പകരം എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്താനാണു ബില്ലിൽ നിർദേശം.

സിൻഡിക്കേറ്റുകളിൽ സർക്കാർ ഉദ്യോഗസ്ഥർക്കും സർക്കാർ നാമനിർദേശം ചെയ്യുന്നവർക്കും പ്രാതിനിധ്യമുള്ളതിനാൽ വിസി നിയമനത്തിൽ സർക്കാരിനു കൂടുതൽ സ്വാധീനം ലഭിക്കുമെന്നാണു വിലയിരുത്തൽ. വിസിമാരുടെ കാലാവധി നീട്ടാനും ഉയർന്ന പ്രായപരിധി വർധിപ്പിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.