അബുദാബിയിൽ നിന്ന് നാട്ടിലെത്തിയതിനു പിന്നാലെ തട്ടിപ്പുകാരുടെ കോൾ; ദമ്പതികളിൽ നിന്ന് 1.40 കോടി രൂപ തട്ടി
പത്തനംതിട്ട: വെർച്വൽ അറസ്റ്റിലാക്കി വൃദ്ധ ദമ്പതികളിൽ നിന്ന് 1.40 കോടി രൂപ തട്ടി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് , ഭർത്താവ് ഡേവിഡ് പി. മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ കീഴ്വായ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അബുദാബിയിൽ താമസക്കാരായ ദമ്പതികൾ കഴിഞ്ഞ എട്ടാം തിയതിയാണ് നാട്ടിൽ എത്തിയത്. 18 നാണ് അജ്ഞാത ഫോണിൽ നിന്നും ഷെർലി ഡേവിഡിന് കോള്‍ വരുന്നത്. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ചയാള്‍, കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വെർച്ചൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് ല തവണകളായി പണം തട്ടുകയായിരുന്നു.
ഒരു ഫോൺ നമ്പർ പറഞ്ഞ് അത് ദമ്പതികളുടെ പേരിലുള്ളതാണെന്ന് തട്ടിപ്പുകാർ പറഞ്ഞു. ഈ നമ്പറിനെതിരെ ആളുകൾ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ചെമ്പൂര്‍ പൊലീസ് സ്റ്റേഷനിൽ നിന്നും ജാമ്യം എടുക്കണമെന്നും പറഞ്ഞു. അല്ലെങ്കിൽ നിങ്ങളുടെ ലോക്കൽ പൊലീസ് സ്റ്റേഷനിലേക്ക് വാറണ്ടയച്ച് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. നരേഷ് ഗോയലിന്റെ അക്കൗണ്ടിൽ നിന്നും 20 ലക്ഷം രൂപ വന്നിട്ടുണ്ടെന്നും അതുകൊണ്ട് ആ കേസിലും പ്രതിയാണെന്നും വിശ്വസിപ്പിച്ചു. പിന്നാലെ പണം തട്ടുകയായിരുന്നു.