എം.ബി. സന്തോഷ്
തിരുവനന്തപുരം: ക്രൈസ്തവ സഭകളിലെ പിതാക്കന്മാരുടെ പ്രൊഫഷണലിസം കൊവിഡ് 19നേക്കാൾ മാരകമായ വൈറസ് ബാധയാണെന്ന് ആഞ്ഞടിക്കുന്ന മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്‍റെ പ്രസംഗം ക്രിസ്ത്യൻ സമൂഹത്തിനിടയിൽ വ്യാപക ചർച്ചയാവുന്നു. മാർത്തോമ സഭയിൽ പുതിയതായി അഭിഷിക്തരായ എപ്പിസ്കോപ്പമാരുടെ സ്വീകരണ ചടങ്ങിലായിരുന്നു പ്രസംഗം. സ്വന്തം സഭയായ മലങ്കര ഓർത്തഡോക്സ് വിഭാഗത്തിനെതിരായ വിമർശനമാണിതെന്ന ആക്ഷേപവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
"അന്യോന്യം ക്ഷമിപ്പിൻ എന്നാണ് കർത്താവ് പറയുന്നത്. ഇതിലെവിടെയാണ് പ്രൊഫഷണലിസം? സങ്കടത്തോടെ ക്ഷമിച്ചു കരയിൻ എന്ന് യാക്കോബ് പറയുന്നു. സങ്കടപ്പെട്ട് കരയുന്നതിൽ എവിടെയാണ് പ്രൊഫഷണലിസം? രക്താംഗിതമായ കുരിശ് ചുമക്കുന്നതിൽ എവിടെയാണ് പ്രൊഫഷണലിസം?' - ജിജി തോംസൺ ചോദിച്ചു.
വിദേശത്തു പോയപ്പോൾ ഒരു തിരുമേനിയുടെ അരമനയിൽ ചെന്നപ്പോൾ അവിടത്തെ സൗകര്യങ്ങൾ കണ്ടപ്പോൾ ഭയന്നു പോയി. ഒരു കോർപ്പറേറ്റ് മേധാവിയുടെ ഓഫിസിൽ ചെന്നതു പോലെയായിരുന്നു അത്. സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്നപ്പോൾ അതിന്‍റെ പത്തിലൊന്ന് സൗകര്യം പോലും അനുഭവിക്കാനായില്ല.
"മെത്രൊപ്പൊലീത്തയെ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ എന്നാണ് വിശേഷിപ്പിക്കുന്നത്. പരം എന്നുപറഞ്ഞാൽ അതിലുപരിയായി മറ്റൊന്നുമില്ല. പരമസത്യം, പരമാത്മാവ്, പരബ്രഹ്മം, പരമശിവൻ - അതിനപ്പുറം ഒന്നുമില്ല. അപ്പോൾ, പിതാവ് പരമാധ്യക്ഷനായാൽ കർത്താവ് എവിടെ പോവും?'- ജിജി തോംസൺ ചോദിച്ചു.
ആഡംബരവാഹനമായ ലംബോർഗിനി ഒരു വിശ്വാസിയിൽ നിന്ന് കിട്ടിയപ്പോൾ അതിന്‍റെ ബോണറ്റിൽ കൈയൊപ്പ് പതിച്ച് ലേലം ചെയ്ത് ജീവകാരുണ്യ പ്രവർത്തനത്തിന് മുതൽക്കൂട്ടിയ മാർപാപ്പയെ ചൂണ്ടിക്കാട്ടിയ ശേഷം ജിജി തോംസൺ പറഞ്ഞു: "ഇപ്പോൾ നമ്മുടെ സഭാ പിതാക്കന്മാർ നടന്നുവരില്ല, എഴുന്നെള്ളുകയാണ്. അവർ സംസാരിക്കില്ല, കല്പിക്കുകയാണ്. ഇരിക്കില്ല, ആരൂഢരാവുകയാണ്...'. അനുരഞ്ജനമാണ് സുവിശേഷത്തിന്‍റെ മർമമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ജിജി തോംസൺ ബിഷപ്പുമാരെക്കുറിച്ചും അവർക്കു വന്ന മനോഭാവ മാറ്റങ്ങളെക്കുറിച്ചും അവരുടെ ആഡംബര ജീവിതശൈലികളെക്കുറിച്ചും അവരെക്കുറിച്ച് ഉപയോഗിക്കുന്ന ഭാഷാപ്രയോഗങ്ങളെക്കുറിച്ചുമൊക്കെ നടത്തിയ ഒരു പ്രസംഗത്തിന്‍റെ വീഡിയൊ കാണാനും കേൾക്കാനും ഇടയായി. അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങളോട് പരിപൂർണമായും ഞാൻ യോജിക്കുന്നു. പൊതുസമൂഹത്തിലെ മഹാഭൂരിപക്ഷം ആളുകളുടെയും ചിന്തകളാണ് അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചത്.
പ്രസംഗത്തിൽ "തിരുമേനി', "അരമന' തുടങ്ങിയ പ്രയോഗങ്ങൾ അദ്ദേഹത്തിന് ഒഴിവാക്കാമായിരുന്നു എന്നതൊഴിച്ചാൽ പ്രസംഗത്തിന്‍റെ ഉള്ളടക്കം തികച്ചും കാലികപ്രസക്തമാണ്. ചെവിയുള്ളവർ കേൾക്കട്ടെ... ആ പ്രസംഗം കൊള്ളേണ്ട സ്ഥാനത്ത് ശരിക്കും കൊണ്ടു എന്നതിന്‍റെ തെളിവുകളാണ് അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുന്ന പ്രതികരണങ്ങൾ. - ഗീവർഗീസ് മാർ കൂറിലോസ് നിരണം ഭദ്രാസനം മുൻ മെത്രാപ്പൊലീത്ത