കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്‍റ് സമ്മിറ്റ് ഇന്ത്യയിലെ കിർഗിസ്ഥാൻ ടൂറിസം അംബാസഡർ കാലിബെക് ഊലു ബെക്തുർഗൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ഇന്ത്യക്കാർക്ക് അടുത്ത വർഷം മുതൽ കിർഗിസ്ഥാനിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ അവസരമൊരുങ്ങുമെന്നും ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണെന്നും ഇന്ത്യയിലെ കിർഗിസ്ഥാൻ ടൂറിസം അംബാസഡർ കാലിബെക് ഊലു ബെക്തുർഗൻ. ആഗോള ടെക്നോളജി സൊല്യൂഷൻസ് സ്ഥാപനമായ ബ്ലൂക്ലൗഡ് ഇകോമിന്‍റെ ആഭിമുഖ്യത്തിൽ അങ്കമാലിയിൽ നടക്കുന്ന കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്‍റ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്കിൽ നിന്ന് കേരളത്തിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നതും പരിഗണനയിലാണ്. കേരളം, ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവ ഉൾപ്പെടെ 11 കേന്ദ്രങ്ങളിലേക്ക് പുതിയ വിമാന സർവീസുകൾ ആരംഭിക്കാനാണ് പദ്ധതി. നിലവിൽ 65 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ കിർഗിസ്ഥാൻ സന്ദർശിക്കാൻ അനുമതിയുണ്ട്. കഴിഞ്ഞ വർഷം ഏകദേശം 1.5 കോടി വിനോദസഞ്ചാരികളാണ് അവിടെയെത്തിയത്.
അടുത്ത വർഷം സഞ്ചാരികളുടെ എണ്ണം രണ്ട് കോടിയായി ഉയരുമെന്നാണ് പ്രതീക്ഷ. സമ്മിറ്റ് വേദിയിൽവച്ച് രാജ്യത്തെ പ്രമുഖ ഹോട്ടൽ ശൃംഖലയായ താജ് ഗ്രൂപ്പിന്‍റെ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും അധികം വൈകാതെ കിർഗിസ്ഥാനിൽ താജ് ഹോട്ടൽ പ്രവർത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അംബാസഡർ പറഞ്ഞു. നിലവിൽ കിർഗിസ്ഥാന്‍റെ ജിഡിപി വളർച്ച 11 ശതമാനമാണെന്നും അതിൽ 4 ശതമാനവും ടൂറിസം മേഖലയുടെ സംഭാവനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.