വി.എം. സുധീരൻ
തൃശൂർ: നെടുമ്പാശേരി വിമാനത്താവളത്തിന് മുൻ മുഖ‍്യമന്ത്രി കെ. കരുണാകരന്‍റെ പേരിടണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കെ. കരുണാകരന്‍റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ‍്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇത്തരത്തിൽ ഒരാവശ‍്യം മുന്നോട്ടു വച്ചത്.
സംസ്ഥാനത്തിന്‍റെ വികസനത്തിൽ കരുണാകരൻ നൽകിയ സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തിന്‍റെ പേര് നൽകുന്നത് ഉചിതമായ ആദരവായിരിക്കുമെന്നാണ് സുധീരൻ പറയുന്നത്.
കെ. കരുണാകരന്‍റെ സ്വപ്നമായിരുന്നു നെടുമ്പാശേരി വിമാനത്താവളെമെന്നും രാജ‍്യത്തെ എണ്ണപ്പെട്ട വിമാനത്താവളമായി നെടുമ്പാശേരി മാറിയത് അഭിമാനകരമാണെന്നും അതിൽ നന്ദി പറയേണ്ടത് കരുണാകരനോടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മദ‍്യനയങ്ങളെ പറ്റി മാധ‍്യമങ്ങൾ ചോദിച്ച ചോദ‍്യങ്ങൾക്ക് സുധീരൻ മറുപടി നൽകാതെ മടങ്ങി.