വഖഫ് ബോർഡ് സുപ്രീംകോടതിയിൽ

 

file image

Kerala

മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമവിരുദ്ധം; വഖഫ് ബോർഡ് സുപ്രീംകോടതിയിൽ

മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോയെന്ന് തീരുമാനിക്കേണ്ടത് വഖഫ് ട്രൈബ്യൂണൽ ആണെന്നും ഹർജി

Jisha P.O.

ന്യൂഡൽഹി: മുനമ്പം ഭൂമി തർക്കത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച സംസ്ഥാനസർക്കാർ നടപടിക്കെതിരേ കേരള വഖഫ് ബോർഡ്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയമിച്ച സംസ്ഥാന സർക്കാരിന്‍റെ നടപടി നിയമവിരുദ്ധമാണെന്ന് ബോർഡ് ആരോപിച്ചു. മുനമ്പം വിഷയത്തിൽ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിലാണ് സംസ്ഥാന സർക്കാർ നടപടിയെ കേരള വഖഫ് ബോർഡ് വിമർശിച്ചിരിക്കുന്നത്.

മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോയെന്ന് തീരുമാനിക്കേണ്ടത് വഖഫ് ട്രൈബ്യൂണൽ ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിപിഎം നേതാവും, പിഎസ് സി മുൻ ചെയർമാനുമായ എം.കെ. സക്കീർ ചെയർമാനായ സംസ്ഥാന വഖഫ് ബോർഡ് ആണ് മുനമ്പം വിഷയത്തിൽ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ അന്വേഷണത്തെ സുപ്രീംകോടതിയിൽ എതിർക്കുന്നത്. വഖഫ് ആക്‌ടിന്‍റെ 83(1)പ്രകാരം തർക്കമുള്ള വഖഫ് ഭൂമികളിൽ അന്തിമ തീർപ്പ് എടുക്കേണ്ടത് വഖഫ് ട്രൈബ്യൂണൽ ആണ്. കോടതികൾക്കോ, ജുഡീഷ്യൽ കമ്മീഷനോ അതിന് അധികാരമില്ലെന്ന് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ വഖഫ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന്‍റെ പരിഗണനയിൽ മുനമ്പം തർക്കവുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നുണ്ടെന്നും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധി തെറ്റാണ്. റിട്ട് അപ്പീലിലോ, റിട്ട് ഹർജിയിലൂടെയോ അല്ല വഖഫ് ഭൂമി കണ്ടേത്തേണ്ടത്. അതിനാൽ ഹൈക്കോടതി വിധി റദ്ദാക്കണമെന്നും അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേന ഫയൽ ചെയ്ത ഹർജിയിൽ സംസ്ഥാന വഖഫ് ബോർഡ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സുപ്രധാനമായ കേസിൽ ഹൈക്കോടതി തങ്ങളുടെ വാദം കേട്ടില്ലെന്നും വഖഫ് ബോർഡ് ചൂണ്ടിക്കാട്ടി.

സുപ്രീംകോടതിയിൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹർജി നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടി ഹൈക്കോടതി പുനഃപരിശോധന ഹർജി തീർപ്പാക്കിയിരുന്നു. ഇതിന് ശേഷമാണ് കേരള വഖഫ് ബോർഡ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മുനമ്പം ഭൂമിയിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി നേരത്തേ നിർദേശിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിയോടെ; മോദി മാർച്ച് 11ന് കേരളത്തിൽ

ഭരണഘടനാ വിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

വീണാ ജോർജിന് മികച്ച നടിക്കുള്ള കേന്ദ്ര - സംസ്ഥാന അവാർഡുകൾ ലഭിക്കും: പരിഹസിച്ച് വി.ഡി. സതീശൻ

ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചത് വോട്ട് ബാങ്ക് ലക്ഷ‍്യമിട്ട്; നിയമനടപടിക്കൊരുങ്ങി വിഎച്ച്പി

കോഴിക്കോട് ഉത്സവം കണ്ട് മടങ്ങിയ യുവാക്കളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ചു, നാലു പേർക്ക് ദാരുണാന്ത്യം