നടിയെ ആക്രമിച്ച കേസ്; അതിജീവിതയ്ക്കായി സാമ്പത്തിക സഹായം തേടി ഡബ്ല്യുസിസി

 
Women in Cinema Collective
Kerala

നടിയെ ആക്രമിച്ച കേസ്; അതിജീവിതയ്ക്കായി സാമ്പത്തിക സഹായം തേടി ഡബ്ല്യുസിസി

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നിയമപരമായ പോരാട്ടം നടത്തുന്ന അതിജീവിതമാർക്ക് പിന്തുണ നൽകുക എന്നതാണ് ഈ ട്രസ്റ്റിന്‍റെ ലക്ഷ്യം

Namitha Mohanan

നടിയെ ആക്രമിച്ച കേസിൽ പുതിയ സഹായ അഭ്യർഥനയുമായി ഡബ്ല്യുസിസി രംഗത്ത്. നടിയെ ആക്രമിച്ച കേസിലെ നിയമപോരാട്ടത്തിന് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച "അവൾക്കൊപ്പം ലീഗൽ സപ്പോട്ട് ട്രസ്റ്റ്" ന്‍റെ ഭാഗമായി ഉദാരമായി സംഭാവന അഭ്യർഥിച്ചുകൊണ്ടാണ് ഡബ്ല്യുസിസി രംഗത്തെത്തിയിരിക്കുന്നത്. വിചാരണ കോടതി വിധിക്കെതിരേ അപ്പീൽ നൽകുന്നതിന്‍റെ ഭാഗമായാണ് ധനസമാഹരണം.

നടിക്ക് മാനസിക പിന്തുണ നൽകുന്നതിനൊപ്പം സാമ്പത്തിക പിന്തുണയും ആവശ്യമാണെന്നും ഇത്തരം കേസുകൾക്ക് സാധാരണയേക്കാൾ ചെലവ് കൂടുതലാണെന്നും ഡബ്ല്യുസിസി പറയുന്നു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നിയമപരമായ പോരാട്ടം നടത്തുന്ന അതിജീവിതമാർക്ക് പിന്തുണ നൽകുക എന്നതാണ് ഈ ട്രസ്റ്റിന്‍റെ ലക്ഷ്യം. കൃത്യമായ മാനദണ്ഡങ്ങളിലൂടെയും കമ്മിറ്റിയുടെ പരിശോധനയിലൂടെയുമാണ് സഹായമർഹിക്കുന്ന അതിജീവിതമാരെ ട്രസ്റ്റ് തെരഞ്ഞെടുക്കുക. അത്തരത്തിൽ ട്രസ്‌റ്റ് തെരഞ്ഞെടുത്ത ആദ്യ പോരാട്ടമാണ് ഈ കേസിലേതെന്നും ഡബ്ല്യുസിസി വ്യക്തമാക്കുന്നു.

കുറ്റകൃത്യത്തിന്‍റെ സൂത്രധാരനെന്ന് ആരോപിക്കപ്പെട്ട സിനിമാ നടൻ ദിലീപ് ഉൾപ്പെടെ നാല് പേരെ തെളിവുകളുടെ അഭാവം മൂലം വെറുതെ വിട്ടു. ഈ അന്യായമായ വിധിക്കെതിരേ അതിജീവിച്ചയാൾ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചു. പ്രോസിക്യൂഷൻ ഇതിനകം ഒരു അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്നും സുപ്രീം കോടതി സീനിയർ അഭിഭാഷക കോടതിയിൽ ഹാജരാവുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ...

കേരളത്തിന്‍റെ ചരിത്രത്തിൽ ഇന്നുവരെ കേട്ടിട്ടില്ലാത്ത കൊട്ടേഷൻ ബലാൽസംഗ കേസിന്‍റെ വിധിപ്രസ്താവം 2025 ഡിസംബർ 8ന് പുറത്തുവന്നു. അന്യായമായ ആ വിധിയോടുള്ള പ്രതികരണമെന്നോണം രൂപീകരിക്കപ്പെട്ട 'അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റി'ന്‍റെ അംഗങ്ങൾ എന്ന നിലയിലാണ് ഇന്ന് ഞങ്ങൾ നിങ്ങളോട് സംസാരിക്കുന്നത്. അപൂർവ്വത്തിൽ അപൂർവ്വം എന്ന് വിശേഷിപ്പിക്കാവുന്ന ഈ കേസിൽ പൊതുസമൂഹത്തിന്‍റെ ഭാഗത്തുനിന്ന് അതിജീവിതക്ക് ഒരു കൈത്താങ്ങ് നൽകേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നു. മാത്രമല്ല ഇത്തരം കേസുകളിൽ അതിജീവിത ഒറ്റയ്ക്ക് പോരാടുന്നതിന് പകരം നമ്മളും കൂടി അവരോടൊത്ത് ചേർന്ന് പോരാടുകയാണ് വേണ്ടതെന്നും ഞങ്ങൾ തിരിച്ചറിയുന്നു. ഈ തിരിച്ചറിവാണ് ഞങ്ങളെ ഒന്നിപ്പിച്ചതും ഇത്തരം ഒരു ട്രസ്റ്റിന് രൂപം നൽകാൻ പ്രേരിപ്പിച്ചതും.

2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തിന്‍റെയും വിചാരണയുടെയും പല ഘട്ടങ്ങളിലൂടെ കടന്നുപോയി. അവസാനം 2025 ഡിസംബർ എട്ടിന് വിധി പ്രഖ്യാപിക്കപ്പെട്ടു. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തു എന്ന് കണ്ടെത്തിയവരെ എറണാകുളം സെഷൻസ് കോടതി ശിക്ഷിച്ചു. ഈ സംഭവം ആസൂത്രണം ചെയ്തവരെന്ന കുറ്റം ചുമത്തി പ്രതികളാക്കപ്പെട്ട പ്രമുഖ സിനിമ താരം ദിലീപ് അടക്കം നാലു പേരെ, അവർക്കെതിരെ തെളിവുകൾ ഇല്ലെന്ന് പറഞ്ഞ് വിട്ടയച്ചു. അതിജീവിത അന്യായമായ ഈ വിധിക്കെതിരെ ഹൈക്കോടതിയിൽ ഒരു അപ്പീൽ കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. പ്രോസിക്യൂഷനാണെങ്കിൽ അപ്പീൽ ഇതിനകം തന്നെ ഫയൽ ചെയ്‌തു കഴിഞ്ഞു.

കോടതികളുടെ കസ്റ്റഡിയിലുള്ളപ്പോൾ തന്നെ ഈ അതിക്രൂരമായ ലൈംഗികാക്രമണത്തിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പലതവണ ദുരുപയോഗം ചെയ്യപ്പെട്ടു എന്നുള്ളത് ഞെട്ടലുളവാക്കുന്നതാണ്. ഈ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മൂന്നുതവണ മാറിയതായി ഫോറൻസിക് സയൻസ് ലാബ് (FSL) റിപ്പോർട്ട് ചെയ്തിരുന്നു. ഈ കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി മറ്റു ഉപകരണങ്ങളിലേക്ക് കോപ്പി ചെയ്യപ്പെട്ടിട്ടുണ്ടാകുമെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇത് അതിജീവിതയുടെ സൗകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്നതിനാൽ ഒരു ഗുരുതരമായ കുറ്റകൃത്യമാണ്. ഹൈക്കോടതി ഈ ചോർച്ചകളെപ്പറ്റി അന്വേഷണത്തിന് ഉത്തരവിട്ടുവെങ്കിലും അത് മുളയിലെ തന്നെ നുള്ളപ്പെട്ടു. ഹീനമായ കുറ്റകൃത്യത്തിൽ പങ്കെടുത്തുവെന്ന് ആക്ഷേപിക്കപ്പെട്ടവർക്കെതിരെ നീതിപൂർവമായ അന്വേഷണവും തക്കതായ ശിക്ഷയും ആവശ്യപ്പെട്ടുകൊണ്ട് അതിജീവിത ഹൈക്കോടതിയിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുന്നുണ്ട്.

സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകയായ അഡ്വ വൃന്ദ ഗ്രോവർ ആണ് അതിജീവിതയെ ഹൈക്കോടതിയിൽ പ്രതിനിധീകരിക്കുക. ഹൈകോടതിയിലെ അഭിഭാഷകരായ അഡ്വ. ഭദ്രകുമാരി, അഡ്വ. ജെ.സന്ധ്യ അടങ്ങുന്ന ഒരു ടീം അഡ്വ . വൃന്ദ ഗ്രോവറോഡ് ചേർന്ന് പ്രവർത്തിക്കും.

നീതി നിഷേധിക്കപ്പെട്ട ഈ വിധിക്കെതിരെ ഇനി ഉയർന്ന കോടതികളിൽ അപ്പീൽപോവുകയെന്നത് ഇപ്പോൾ പൊതുസമൂഹത്തിന്‍റെ കൂടി ആവശ്യമായി തീർന്നിരിക്കുന്നു. ഇത് നമ്മുടെ കൂടി പോരാട്ടമാണ്. ഇത്തരമൊരു നിയമ യുദ്ധത്തിന് സാമ്പത്തിക ചെലവുകൾ വളരെ കൂടുതലാണ്. ഈ കേസിനെ കുറിച്ചും അതിന്‍റെ സെഷൻസ് കോടതി വിധിയെക്കുറിച്ചും ആകാംക്ഷയുള്ള എല്ലാ നല്ലവരായ നാട്ടുകാരോടും, ഈ ലക്ഷ്യത്തിനുവേണ്ടി ഉദാരമായി സംഭാവന ചെയ്യാൻ 'അവൾക്കൊപ്പം ലീഗൽ സപ്പോർട്ട് ട്രസ്റ്റ്' അഭ്യർത്ഥിക്കുന്നു. ട്രസ്റ്റിന്‍റെ അക്കൗണ്ടിലേക്ക് വരുന്ന പണം ഈ കേസിന്‍റെ നടത്തിപ്പിനായി മാത്രമേ ഉപയോഗിക്കുകയുള്ളൂ. അതിന്‍റെ വരവ് ചിലവ് കണക്കുകൾ യഥാസമയം പ്രസിദ്ധീകരിക്കുന്നതാണ്. അതിജീവിതയുടെ നിർദ്ദേശപ്രകാരമാണ് ഈ അക്കൗണ്ട് ഉപയോഗിക്കുക. കേസിൽ നീതി വിജയിക്കേണ്ടത് അതിജീവിതയുടെ മാത്രമല്ല നമ്മൾ ഓരോരുത്തരുടെയും ആവശ്യമാണെന്ന് ഉൾക്കൊണ്ടുകൊണ്ട് ലക്ഷ്യത്തിനുവേണ്ടി സംഭാവനകൾ നൽകണമെന്ന് ഞങ്ങൾ വിനീതമായി അഭ്യർത്ഥിക്കുന്നു. മഹനീയ ലക്ഷ്യത്തിനു വേണ്ടി സംഭാവനകൾ നൽകണമെന്ന് അഭ്യർഥിക്കുന്നു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നിയമപരമായ പോരാട്ടം നടത്തുന്ന അതിജീവിതമാർക്ക് പിന്തുന്ന നൽകുക എന്നതാണ് ഈ ട്രസ്റ്റിന്‍റെ ലക്‌ഷ്യം. കൃത്യമായ മാനദണ്ഡങ്ങളിലൂടെയും കമ്മിറ്റിയുടെ പരിശോധനയിലൂടെയുമാണ് സഹായമർഹിക്കുന്ന അതിജീവിതമാരെ ട്രസ്റ്റ് തിരഞ്ഞെടുക്കുക. അത്തരത്തിൽ ട്രസ്‌റ് തിരഞ്ഞെടുത്ത ആദ്യ പോരാട്ടമാണ് ഈ കേസിലേത്.

സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് 4,000 രൂപ കുറഞ്ഞു

119 അല്ല, 144; വിശ്വാസ വോട്ടെടുപ്പിൽ കരുത്ത് തെളിയിച്ച് വിജയ്‌യുടെ ടിവികെ

അഞ്ചാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായി എൻ. രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു

സോണിയ ഗാന്ധി ആശുപത്രിയിൽ

എസ്എസ്എൽസി ഫലപ്രഖ്യാപനം വെള്ളിയാഴ്ച തന്നെ; നടപടികൾ ഊർജിതമാക്കി പൊതുവിദ്യാഭ്യാസ ഡയറക്റ്റർ