സണ്ണി ജോസഫ്

 
Kerala

പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല; ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം വേണമെന്ന് കേരളം

ജൂലൈ 27ന് പുറത്തിറക്കിയ ഏഴാമത്തെ കരട് ഇഎസ്എ വിജ്ഞാപനത്തിൽ നിർദേശങ്ങളും എതിർപ്പുകളും സമർപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതിന് മുൻപാണ് കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചത്

Sarath Nath MS

തിരുവനന്തപുരം: ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ ഒഴിവാക്കി വനമേഖലയിൽ മാത്രം പരിസ്ഥിതിലോല പ്രദേശം (ഇഎസ്എ) പരിമിതപ്പെടുത്തി പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യമെന്ന് പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചുവെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജൂലൈ 27ന് പുറത്തിറക്കിയ ഏഴാമത്തെ കരട് ഇഎസ്എ വിജ്ഞാപനത്തിൽ നിർദേശങ്ങളും എതിർപ്പുകളും സമർപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതിന് ഒരു ദിവസം മുൻപ് വ്യാഴാഴ്ചയാണ് സംസ്ഥാനം കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചത്. ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി ഇഎസ്എ വനമേഖലയിൽ മാത്രം പരിമിതപ്പെടുത്തണമെന്നാണ് റിപ്പോർട്ടിൽ സംസ്ഥാനത്തിന്‍റെ ആവശ്യമെന്ന് മന്ത്രി പറഞ്ഞു.

കസ്തൂരിരംഗൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നേരത്തെ നിർദേശിച്ചിരുന്ന 13,108 ചതുരശ്ര കിലോമീറ്റർ ഇഎസ്എ 9,993.7 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കുന്നതിൽ കേരളം ഇതിനകം വിജയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിലെ നിർദേശത്തിൽ ഉൾപ്പെടുന്ന 9,993.7 ചതുരശ്ര കിലോമീറ്ററിൽ 9,107 ചതുരശ്ര കിലോമീറ്റർ വനമേഖലയും 886.7 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശവുമാണ്. 886.7 ചതുരശ്ര കിലോമീറ്റർ വനേതര പ്രദേശവും ഒഴിവാക്കിയാൽ കേരളത്തിന്‍റെ ആശങ്ക പൂർണമായും പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ഇഎസ്എയിൽ ഉൾപ്പെടുന്ന ഗ്രാമങ്ങളുടെ എണ്ണം നിലവിലുള്ള 131ൽ നിന്ന് 98 ആയി കുറയ്ക്കണമെന്നും ഇഎസ്എയുടെ വിസ്തൃതി 8,590.69 ചതുരശ്ര കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കിയാണ് ഏറ്റവും പുതിയ റിപ്പോർട്ട് തയ്യാറാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അടുത്ത മാസം നിയമസഭ ചേരുമ്പോൾ പ്രമേയം കൊണ്ടുവരുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിലെത്തി ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ എ ടീമിന് 162 റൺസ് ജയം; കുശാഗ്രയും മുലാനിയും തിളങ്ങി

ജ്ഞാനേഷ് കുമാറിന്‍റെ പൊതുപരിപാടികൾ മാറ്റിവച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ; വിവാദവുമായി ബന്ധമില്ലെന്ന് വിശദീകരണം

ഏഷ‍്യൻ ഗെയിംസ് ക്രിക്കറ്റിൽ അഫ്ഗാനെ തൂത്തെറിഞ്ഞ് നേപ്പാൾ

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്; ഒന്നാം പ്രതിക്ക് ജാമ‍്യം നൽകി സുപ്രീം കോടതി

മദ്യ പരിശോധനയിൽ പരാജയപ്പെട്ടു; സൂറിച്ച്-ഡൽഹി വിമാനത്തിലെ എയർ ഇന്ത്യ പൈലറ്റിന് സസ്പെൻഷൻ