കാട്ടുപന്നി പ്രതീകാത്മക ചിത്രം
Kerala

കാട്ടുപന്നി ശല്യം: അംഗീകൃത ഷൂട്ടർമാർക്ക് സംസ്ഥാനത്ത് ഉടനീളം പ്രവർത്തിക്കാം

ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ ശുപാർശ മുൻനിർത്തി വനം- വന്യജീവി വകുപ്പ് സെക്രട്ടറി കെ. ബിജു ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്

Reena Varghese

തിരുവനന്തപുരം: ജനവാസ മേഖലകളിൽ കൃഷിക്കും മനുഷ്യജീവനും നാശനഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയാറാക്കിയിട്ടുള്ള ഷൂട്ടർമാരുടെ പ്രവർത്തന പരിധി സംസ്ഥാനത്ത് ഉടനീളമാക്കി വിപുലീകരിച്ച് സർക്കാർ ഉത്തരവിറക്കി.

മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ തദ്ദേശ സ്ഥാപന അതിർത്തികളോ ജില്ലാ വ്യത്യാസമോ ഇല്ലാതെ ഇവരുടെ സേവനം കാര്യക്ഷമമായി വിനിയോഗിക്കാൻ ഇതോടെ സാധിക്കും. മുമ്പ് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും അംഗീകരിക്കുന്ന ഷൂട്ടർമാർക്ക് അതത് തദ്ദേശ ഭരണ പരിധിക്കുള്ളിൽ മാത്രമായിരുന്നു സേവനം അനുഷ്ഠിക്കാൻ അനുമതിയുണ്ടായിരുന്നത്.

എന്നാൽ അടിയന്തര ഘട്ടങ്ങളിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അനുമതി ലഭിച്ച ഷൂട്ടർമാരുടെ സേവനം സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ഈ അതിർത്തി നിർണയം തടസമാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.

ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ ശുപാർശ മുൻനിർത്തി വനം- വന്യജീവി വകുപ്പ് സെക്രട്ടറി കെ. ബിജു ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലുള്ള ഉത്തരവ് അനുസരിച്ച് 2027 മേയ് 27 വരെ ഹോണററി വൈൽഡ് ലൈഫ് വാർഡന്മാർ എന്ന നിലയിൽ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്ക് കാട്ടുപന്നികളെ വെടിവയ്ക്കാൻ നിർദേശം നൽകാനുള്ള അധികാരമുണ്ട്. പുതിയ തീരുമാനത്തോടെ, അടിയന്തര ഘട്ടങ്ങളിൽ അതത് പ്രദേശത്തെ തദ്ദേശസ്ഥാപന പരിധിയിൽ മാത്രം ഒതുങ്ങിനിൽക്കാതെ സംസ്ഥാനത്തെമ്പാടുമുള്ള അംഗീകൃത ഷൂട്ടർമാരുടെ സേവനം വേഗത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കും.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു