നവോമി

 
Kerala

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും

കെ- ​സോട്ടോയാണ് അവയവദാന പ്രക്രിയകൾ പൂർണമായും ഏകോപിപ്പിച്ചത്

Namitha Mohanan

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച തൃശൂർ വടക്കാഞ്ചേരി വാണിയ​കിഴക്കേൽ വീട്ടിൽ സ്വദേശിനി നവോമി വിൻസെന്‍റ് (23) ഇനി 6 പേരിലൂടെ ജീവിക്കും. അകാലത്തിലുണ്ടായ വിയോഗത്തിന്‍റെ വലിയ ദുഃഖത്തിലും അവയവദാനമെന്ന മഹത്തായ തീരുമാനമെടുത്ത നവോമിയുടെ കുടുംബത്തോട് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ആദരവ് അറിയിച്ചു.

നവോമിയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ, ഹൃദയ വാൽവ് എന്നിവയാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളെജിലും, ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ഹെൽത്ത് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് നൽകി. ഹൃദയ വാൽവ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിക്കും 2 നേത്രപടലങ്ങൾ റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിക്കുമാണ് (ആ‌‌ർഐഒ) കൈമാറിയത്.

കെ- ​സോട്ടോയാണ് അവയവദാന പ്രക്രിയകൾ പൂർണമായും ഏകോപിപ്പിച്ചത്. അവയവങ്ങൾ മാറ്റിവ​യ്ക്കുന്നതിനുള്ള ശസ്ത്രക്രിയകൾ നിലവിൽ വിവിധ ആശുപത്രികളിൽ പുരോഗമിക്കുകയാണ്. തൃശൂർ സെന്‍റ് തോമസ് കോളെജിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ നവോമി, തിരുവനന്തപുരം കവടിയാറുള്ള സ്വകാര്യ സ്ഥാപനത്തിൽ പുതിയ ജോലിയിൽ പ്രവേശിക്കാനായുള്ള യാത്രയ്ക്കിടയിലാണ് അപകടത്തിൽപ്പെടുന്നത്.

ജൂൺ 25ന് പുലർച്ചെ നാലോടെ കൊട്ടാരക്കര വാളകത്തു വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന അമ്മ ജിപ്സി തങ്കച്ചൻ, അനിയൻ ജോയൽ വിൻസെന്‍റ് എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. ജോയലായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടൻ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി നവോമിയെ തിരുവനന്തപുരം കിംസ് ഹെൽത്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞാറാഴ്ച രാവിലെ 9.28ഓടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.

തുടർന്ന് അച്ഛൻ വിൻസെന്‍റും സഹോദരി എയ്ഞ്ചൽ മരിയ വിൻസെന്‍റും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ജിപ്സിയും ജോയലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; തിങ്കളാഴ്ച മൂന്നു ജില്ലകളിലും ചൊവ്വാഴ്ച രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ട്

ഒബിസി പട്ടിക തിരുത്തി സുവേന്ദു സർക്കാർ

പശുവിനെ രാഷ്‌ട്രമാതാവായി പ്രഖ്യാപിക്കണം; സ്വന്തം രക്തംകൊണ്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് സമാജ്‌വാദി പാർട്ടി നേതാവ്

ശബരിമല സ്വര്‍ണക്കൊള്ള; കണ്ഠര് രാജീവര്, പി.എസ്. പ്രശാന്ത് അടക്കം 7 പ്രതികള്‍

ആരോഗ്യ വകുപ്പിന് ഹണിമൂൺ കാലം കിട്ടിയില്ല; പരിഭവം പറഞ്ഞ് കെ. മുരളീധരൻ