യുവമോർച്ച പ്രവർത്തകർ മന്ത്രി കെ.എം. ഷാജിയുടെ ഔദ്യോഗിക കാർ തടഞ്ഞപ്പോൾ

 
Kerala

മന്ത്രി കെ.എം. ഷാജിയുടെ കാർ തടഞ്ഞ് യുവമോർച്ച പ്രവർത്തകർ; മന്ത്രിയെ ഇറക്കി നടത്തിവിട്ടു

കാർ തടഞ്ഞതോടെ ഓട്ടോയിൽ കയറിയ മന്ത്രിയെ അതിൽ നിന്നും ഇറക്കിവിട്ടു

Sarath Nath MS

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിക്ക് നേരെ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മന്ത്രിയുടെ ഔദ്യോഗിക വാഹനം നടുറോഡിൽ പ്രവർത്തകർ തടഞ്ഞു. തിരുവനന്തപുരം പാളയത്തെ വാൻ റോസ് ജങ്ഷന് സമീപം ബുധനാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

സെക്രട്ടേറിയറ്റിൽ നിന്ന് ഔദ്യോഗിക കാറിൽ തിരിച്ചുപോവുകയായിരുന്നു മന്ത്രി. റോഡിൽ വച്ച് കാർ തടഞ്ഞതോടെ മന്ത്രി ഓട്ടോറിക്ഷയിൽ കയറി യാത്ര തുടരാൻ ശ്രമിച്ചു. എന്നാൽ പ്രവർത്തകർ ഓട്ടോയും തടഞ്ഞു. ഇതോടെ മന്ത്രി കാൽനടയായി പോവുകയായിരുന്നു. മന്ത്രിക്ക് പൈലറ്റും എസ്കോർട്ടും ഉണ്ടായിരുന്നില്ല. ഗൺമാനും പഴ്സണൽ സ്റ്റാഫും മാത്രമാണ് കൂടെയുണ്ടായിരുന്നത്. അഞ്ച് മിനിട്ടോളമാണ് മന്ത്രിയുടെ കാർ തടഞ്ഞത്. മന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ഗുരുതരമായ സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് തടഞ്ഞിരുന്നു. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് ബിജെപി പ്രവർത്തകർ സംസ്ഥാന മന്ത്രിമാരുടെ വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ഇതിന്‍റെ ഭാഗമായാണ് മന്ത്രി ഷാജിയുടെ വാഹനം തടഞ്ഞത്.

ഇതിനിടെ ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്‍റെ വാഹനം നെയ്യാറ്റിൻകരയിൽ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതായി ബിജെപി ആരോപിച്ചു. ഇതിനെതിരേ വ്യാഴാഴ്ച കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.