വൈക്കം മഹാദേവ ക്ഷേത്രം

 
Kerala

വൈക്കം മഹാദേവ ക്ഷേത്രത്തിലെ പൂജാ സമയം തോന്നും പോലെ മാറ്റി ശാന്തിമാർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

ക്ഷേത്രത്തിലെ അക്കൗണ്ടന്‍റ് തസ്തിക 2022 നവംബർ മുതൽ ഒഴിഞ്ഞു കിടക്കുകയാണ്.

MV Desk

കൊച്ചി: വൈക്കം മഹാദേവ ക്ഷേത്രത്തിലെ പൂജാസമയത്തിൽ പൂജാരിമാർ മാറ്റം വരുത്തുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജോൺസൺ ജോൺ എന്നിവരടങ്ങുന്ന ബെഞ്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകി. ക്ഷേത്രത്തിലെ വിവിധ പൂജാരിമാർ അവരുടെ ഇഷ്ടം പോലെ പൂജാസമയത്തിൽ മാറ്റം വരുത്തുന്നതായി കാണിച്ചു കൊണ്ട് അഡ്വക്കേറ്റ് കമ്മിഷണർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ശാന്തിമാർ അവരുടെ ഇഷ്ടങ്ങൾക്കും സങ്കൽപങ്ങൾക്കും അനുസരിച്ചാണ് പൂജ നടത്തുന്നതെന്നും ഇതു പല തരത്തിലുള്ള പരാതികൾക്ക് ഇടയാക്കിയെന്നും റിപ്പോർട്ടിലുണ്ട്.

ക്ഷേത്രത്തിലെ അക്കൗണ്ടന്‍റ് തസ്തിക 2022 നവംബർ മുതൽ ഒഴിഞ്ഞു കിടക്കുകയാണ്. മറ്റൊരു ജീവനക്കാരാണ് അക്കൗണ്ടന്‍റിന്‍റെ ജോലികൾ ചെയ്തു വരുന്നത്. ഇതു മൂലം 34 ലക്ഷം രൂപയുടെ തിരിമറി നടന്നതായി ആരോപണം ഉയരുന്നുണ്ട്. ക്ഷേത്രത്തിലെ കഴകം തസ്തിക എട്ട് വർഷമായി ഒഴിഞ്ഞു കിടക്കുകയാണ്.

ഇപ്പോൾ നാലമ്പലത്തിനകത്ത് പൂജാരിമാർ തന്നെയാണ് ആ ജോലികൾ ചെയ്യുന്നത്. ക്ഷേത്രത്തിലെ പൂ‌ജകളും ആചാരങ്ങളും ചെയ്യുന്നത് ദേവസ്വം ബോർഡ് അംഗീകരിച്ച പൂജാരികൾ അല്ലെന്നും മറ്റു ശാന്തിമാർ ആണെന്നും റിപ്പോർട്ടിലുണ്ട്. വിഷയം പരിശോധിക്കുമെന്നു ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.