കബർ വണങ്ങാൻ ഗജ വീരന്മാർ എത്തി; കന്നി 20 പെരുന്നാൾ കൊടിയിറങ്ങി
കോതമംഗലം: ആഗോള സർവ മത തീർഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിന്‍റെ കൊടിയിറങ്ങി. നാലാം തീയതി രാവിലെ അർപ്പിക്കപ്പെട്ട ആദ്യത്തെ വിശുദ്ധ കുർബാനക്ക് ഹൈറേഞ്ച് മേഖലയുടെ മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസ്യോസ് കാർമികത്വം വഹിച്ചു.
രണ്ടാമത്തെ വിശുദ്ധ മൂന്നിന്മേൽ കുർബാനക്ക് പെരുമ്പാവൂർ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മോർ അപ്രേം പ്രധാന കാർമികത്വം വഹിച്ചു. ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കി ഇത്തവണയും പതിവ് തെറ്റാതെ യൽദോ മാർ ബസേലിയോസ് ബാവയുടെ കബർ വണങ്ങാൻ കാളിയാർമഠം ശേഖരൻ, കരിമണ്ണൂർ ഉണ്ണി തുടങ്ങിയ ഗജ വീരന്മാർ എത്തിച്ചേർന്നു. കഴിഞ്ഞ ദിവസം ഗജ വീരൻ പാമ്പാടി രാജൻ കബർ വണങ്ങാൻ പള്ളിയിൽ എത്തിയിരുന്നു.
ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മോർ അപ്രേം മെത്രാപ്പോലീത്ത, ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ്, കോതമംഗലം എം എൽ എ ഷിബു തെക്കുംപുറം, മുൻ എംഎൽഎ ആന്‍റണി ജോൺ, ജന പ്രതിനിധികൾ, വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളി, സഹവികാരിമാർ, തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, വർക്കിങ്ങ് കമ്മിറ്റിയംഗങ്ങൾ, മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ ചേർന്ന് ഗജവീരന്മാരെ സ്വീകരിച്ച് ശർക്കരയും പഴവും നൽകി. പള്ളിയിൽ ലഭിച്ച ഉൽപ്പന്ന വസ്തുക്കളുടെ ലേലം വിശുദ്ധ കുർബാനാനന്തരം നടത്തപ്പെട്ടു.
കന്നി 20 പെരുന്നാളിന്‍റെ സമാപനം കുറിച്ച് വൈകീട്ട് 4 മണിക്ക് വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളി കൊടിയിറക്കി. പെരുന്നാൾ ചടങ്ങിനോട് അനുബന്ധിച്ച് സഹകരിച്ച ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ്, കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം, എറണാകുളം ജില്ലാ കളക്റ്റർ പ്രിയങ്ക ജി. ഐഎഎസ്, വിവിധ രാഷ്ട്രീയ സാമുദായിക സാംസ്കാരിക നേതാക്കന്മാർ, വിവിധ സർക്കാർ വകുപ്പുകൾ, നഗര സഭ പ്രവർത്തകർ, പത്ര ദൃശ്യ മാധ്യമപ്രവർത്തകർ എന്നിവരോടുള്ള നന്ദി വികാരി അറിയിച്ചു.
പെരുന്നാൾ ചടങ്ങുകൾ അവസാനിച്ചെങ്കിലും ഭക്തജനങ്ങളുടെ നിലക്കാത്ത പ്രവാഹം തുടരുകയാണ്. ഒക്റ്റോബർ 11വരെ നീണ്ടു നിൽക്കുന്ന വൈദ്യുത ദീപാലങ്കാരം പള്ളിയെയും കോതമംഗലം പരിസരത്തെയും ഉത്സവ ലഹരിയിൽ നിലനിർത്തും.
കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ യെൽദോ മാർ ബസേലിയോസ് ബാവയുടെ കബർ വണങ്ങാൻ ഗജ വീരന്മാർ എത്തിയപ്പോൾ