അനു സാജി, സവിൻ സാജു,  സാജു ആന്‍റണി.

 
Local

മൂന്നു ലക്ഷം രൂപ കടം; കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യ ചെയ്തു

ആദ്യം സാജുവും അനുവും ആത്മഹത്യ ചെയ്തു. മൃതദേഹം കണ്ട് പിന്നീട് സവിനും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ്. സാജുവും അനുവും ഒരുമിച്ചെഴുതിയ ആത്മഹത്യ കുറിപ്പും കണ്ടെടുത്തു.

Local Desk

കോട്ടയം: ചങ്ങനാശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി എസ്.ബി കോളെജിന് സമീപം കരിങ്ങട വീട്ടിൽ സാജു ആന്‍റണി, ഭാര്യ അനു സാജു, മകൻ സവിൻ സാജു എന്നിവരാണ് മരിച്ചത്. കടബാധ്യത മൂലമുണ്ടായ ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെയാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്ന് ലക്ഷം രൂപയുടെ ബാധ്യതയും നൽകാനുള്ളവരുടെ പേര് വിവരങ്ങളും ആത്മഹത്യാ കുറിപ്പിലുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമാകും സ്ഥിരീകരണം.

ആദ്യം സാജുവും അനുവും ആത്മഹത്യ ചെയ്തു. മൃതദേഹം കണ്ട് പിന്നീട് സവിനും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. സാജുവും അനുവും ഒരുമിച്ചെഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. കടബാധ്യത മൂലം മരിക്കുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്.

അതിനിടെ മകൻ സവിൻ ഓൺലൈൻ റമ്മി കളിച്ചാണ് കടബാധ്യത വന്നതെന്ന മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും പൊലീസിന്‍റെ അന്വേഷണ പരിധിയിലുണ്ട്. കുടുംബത്തിന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണെന്ന് ചങ്ങനാശേരി ഡിവൈഎസ്പി ആഷാദ് മാധ്യമങ്ങളോട് പറഞ്ഞു.

നേരം വെളുത്തിട്ടും കുടുംബത്തെ വീടിന് പുറത്തേക്ക് കാണാത്തതോടെ അയൽക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്. സാജുവും ഭാര്യ അനുവും ബെഡ്റൂമിലും, മകൻ സവിൻ സ്റ്റോർ റൂമിലും തൂങ്ങിയ നിലയിലായിരുന്നു. വീടിന്‍റെ മുൻവശത്തെ വാതിൽ അടച്ചിരുന്നില്ല.