ഏഴാം കടലിനക്കരെ ഗുരുവായൂരപ്പന് സ്വർണക്കൊടിമരം കോട്ടയത്ത് നിന്നും
കോട്ടയം: ഏഴാം കടലിനക്കരെ അമേരിക്കയിലെ ടെക്സാസിലുളള ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലേക്കുള്ള പുതിയ സ്വർണക്കൊടിമരം കോട്ടയത്തെ വേമ്പിൻകുളങ്ങര ക്ഷേത്രത്തിൽ നിന്നും എത്തിക്കും. ക്ഷേത്രത്തിൽ വച്ച് നിർമാണം പൂർത്തികരിച്ച ധ്വജം കപ്പൽ മാർഗമാണ് ഹൂസ്റ്റണിൽ എത്തിക്കുക. 2027 മേയ് 16ന് നടക്കുന്ന ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പുന: പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായാണ് ഈ ധ്വജം സ്ഥാപിക്കുന്നത്.
ശിൽപി സുരേഷ് മാന്നാറിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ മാന്നാറിലുള്ള കൃഷ്ണകൃപ ഹാൻഡിക്രാഫ്റ്റ്സ് ആണ് ഈ ധ്വജ നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ചത്. 2025 ഡിസംബറിൽ തൊടുപുഴയിലെ കരിങ്കുന്നത്തു നിന്നും നിലംതൊടാതെ വെട്ടിയ തേക്ക് തടിയാണ് കൊടിമരത്തിനായി തെരഞ്ഞെടുത്തത്.
ഇത് കോട്ടയത്തെ ഇറഞ്ഞാൽ വേമ്പിൻ കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തിച്ച് നിർമാണം നടത്തിയ ശേഷം എണ്ണത്തോണിയിൽ സമർപ്പിക്കുകയായിരുന്നു. 60 മുതൽ 70 ദിവസത്തെ സമുദ്ര യാത്രയ്ക്ക് ശേഷമാകും കപ്പൽ മാർഗം കൊടിമരം അമേരിക്കയിൽ എത്തുക. ചെമ്പ് പറകൾ പൊതിഞ്ഞ് സ്വർണം പൂശിയ 38 അടിയോളം ഉയരമുള്ള കൊടിമരമാണിത്. ചടങ്ങിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ ധ്വജസഞ്ചലന ചടങ്ങും നടന്നു. മുൻ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഹൂസ്റ്റൺ ഗുരുവായൂരപ്പൻ ക്ഷേത്ര പ്രതിനിധി രാജേഷ് ഗോപിനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെഎസ്എഫ്ഡിസി ചെയർമാൻ പ്രേംകുമാർ, തെരഞ്ഞെടുപ്പ് കമ്മിഷണർ ശേഷാദ്രി നാഥൻ, കിഴക്കേടം ഹരി നാരായണൻ നമ്പൂതിരി, ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു, ഗുരുവായൂർ ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മായാദേവി, ജനം ടിവി സി.എഫ്. ഒ വിനോദ് നായർ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി വർക്കി വേലങ്ങാടൻ, ഡോ. പ്രശാന്ത് വർമ, അനിൽ പ്ലാവോട്, എൻ.ബി. രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ധ്വജത്തിൽ പുഷ്പാർച്ചനയിലും യോഗത്തിലും നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.