നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളെജിൽ ആരംഭിച്ച 'ടെക് ഫോർ ഓൾ' പദ്ധതിയുടെ ഉദ്ഘാടനം ഐജിജിഐഎസ് ചെയർമാൻ കെ.എം. പരീത് നിർവഹിക്കുന്നു
കോതമംഗലം: പഠനം കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കാതെ, സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വന്തം ഭാവി കണ്ടെത്താൻ യുവതികൾക്ക് കരുത്ത് പകരുന്ന 'ടെക് ഫോർ ഓൾ' പദ്ധതിക്ക് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളെജിൽ തുടക്കമായി. യുവതികളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കോഗ്നിസന്റ് ഫൗണ്ടേഷൻ ഇന്ത്യയുടെ പിന്തുണയോടെ തമിഴ്നാട് ഐസിടി അക്കാദമി ആണ് പദ്ധതി നടപ്പാക്കുന്നത്.
ഐജിജിഐഎസ് ചെയർമാൻ കെ.എം. പരീത് പദ്ധതി ഉദ്ഘാടനം ചെയ്തു. ഐസിടി അക്കാദമി പ്ലേസ്മെന്റ് മാനേജർ എൻ. സുമൻ മുഖ്യാതിഥിയായി പങ്കെടുത്തു.
കമ്പ്യൂട്ടർ സയൻസ് വിഭാഗവും വുമൺ സെല്ലും ചേർന്ന് ഐക്യുഎസിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കോളെജ് പ്രിൻസിപ്പൽ ഡോ. വിജി കെ. രാമകൃഷ്ണൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വുമൺ സെൽ കോർഡിനേറ്റർ ഷാരി സദാശിവൻ, ഐക്യുഎസി കോർഡിനേറ്റർ ഡോ. ബിനീഷ് പോൾ എന്നിവർ സംസാരിച്ചു.
സാങ്കേതിക പരിജ്ഞാനവും തൊഴിൽ നൈപുണ്യവും ആത്മവിശ്വാസവും വളർത്തിയെടുക്കാൻ പരിപാടി സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.