യദുകൃഷ്ണൻ
കോട്ടയം: വൈക്കത്ത് പത്താം ക്ലാസ് വിദ്യാർഥിയെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ടി.വി പുരം കോട്ടച്ചിറ വട്ടത്തറ വീട്ടിൽ പ്രകാശൻ, മാലിനി ദമ്പതികളുടെ ഇളയ മകൻ യദുകൃഷ്ണനാണ് (15) മരിച്ചത്. ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. ടി.വിപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയായിരുന്നു യദു.
ഊട്ടിയിലേക്കുള്ള വിനോദയാത്ര കഴിഞ്ഞ് എത്തിയ ശേഷം എത്തിയ യദു രാവിലെ വീടിന് സമീപത്തെ തോടിന്റെ കരയിൽ നിന്ന് പല്ല് തേക്കുന്നത് വീട്ടുകാർ കണ്ടതാണ്. കുറേ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താഞ്ഞതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് തോട്ടിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനോദയാത്രയ്ക്കിടെ പലതവണ തലകറക്കം അനുഭവപ്പെട്ടിരുന്നതായി യദു വീട്ടുകാരെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സഹോദരൻ: മിഥുൻ കൃഷ്ണൻ.