ഓപ്പൺ ലൈബ്രറിയിലേക്കുള്ള പുസ്തകശേഖരണത്തിന് തുടക്കമായി ഡോ. ജേക്കബ് ഇട്ടൂപ്പിൽ നിന്ന് ഷിബു തെക്കുംപുറം എംഎൽഎ പുസ്തകം ഏറ്റുവാങ്ങുന്നു

 
Local

കോതമംഗലത്ത് ഓപ്പൺ ലൈബ്രറി നവംബർ ഒന്നിന് നാടിന് സമർപിക്കും

'എന്‍റെ കോതമംഗലം, എന്‍റെ അഭിമാനം' എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന കേരളപിറവി സപ്തതി ആഘോഷങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്

Sarath Nath MS

കോതമംഗലം: വായനയെ ജനകീയമാക്കാനും പുസ്തകങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ട് കേരളപിറവി സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആരംഭിക്കുന്ന ഓപ്പൺ ലൈബ്രറി നവംബർ ഒന്നിന് നാടിന് സമർപിക്കും. പദ്ധതിയുടെ ഭാഗമായി പുസ്തകശേഖരണത്തിന് തുടക്കമായി. എംഎൽഎ ഓഫീസിൽ ചേർന്ന യോഗത്തിൽ ഡോ. ജേക്കബ് ഇട്ടൂപ്പിൽ നിന്ന് ഷിബു തെക്കുംപുറം എംഎൽഎ പുസ്തകം ഏറ്റുവാങ്ങി.

പ്രൊഫ. ബേബി എം. വർഗീസ്, പ്രൊഫ. കെ. എം. കുര്യാക്കോസ്, ഡോ. ജേക്കബ് ഇട്ടൂപ്പ് എന്നിവർ ചേർന്ന് 300 പുസ്തകങ്ങൾ ഓപ്പൺ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യും. പുസ്തകങ്ങൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ എംഎൽഎ ഓഫീസിൽ എത്തിക്കണമെന്ന് സംഘാടകർ അറിയിച്ചു.

പൊതുയിടങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാക്കി എല്ലാവർക്കും വായനയ്ക്ക് അവസരമൊരുക്കുന്ന ഓപ്പൺ ലൈബ്രറി എന്ന ആശയം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. കേരളത്തിലും ഇത്തരം സംരംഭങ്ങൾ വായനാ സംസ്കാരത്തിന് പുതിയ ഉണർവേകുന്നു. കൊല്ലം ജില്ലയിലെ പെരുംകുളത്ത് 2017-ൽ ആരംഭിച്ച പുസ്തക്കൂട് പദ്ധതി പൊതുയിടങ്ങളിൽ പുസ്തകങ്ങൾ ലഭ്യമാക്കുന്ന ശ്രദ്ധേയമായ മാതൃകയാണ്. പുസ്തകങ്ങൾ വായനശാലകളിൽ മാത്രം ഒതുങ്ങാതെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും വായനയെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കാനും ഇത്തരം സംരംഭങ്ങൾ സഹായിക്കുന്നു.

കേരളത്തിന്‍റെ സമ്പന്നമായ ഗ്രന്ഥശാലാ പാരമ്പര്യത്തിന് പുതിയ കാലത്തിന്‍റെ സാധ്യതകൾ കൂട്ടിച്ചേർക്കുക എന്ന ലക്ഷ്യത്തോടെയാണ് കോതമംഗലത്ത് ഓപ്പൺ ലൈബ്രറി വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ എംഎൽഎ ഓഫീസിൽ താൽക്കാലികമായി ലൈബ്രറി സജ്ജീകരിക്കും. പൊതുജനങ്ങളിൽ നിന്ന് പുസ്തകങ്ങൾ സ്വീകരിച്ച് ശേഖരം വിപുലീകരിക്കുന്നതിലൂടെ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും പൊതുജനങ്ങൾക്കും കൂടുതൽ വായനാവസരങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.

'എന്‍റെ കോതമംഗലം, എന്‍റെ അഭിമാനം' എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന കേരളപിറവി സപ്തതി ആഘോഷങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. വായനയെയും അറിവിന്‍റെ പങ്കുവയ്ക്കലിനെയും പ്രോത്സാഹിപ്പിക്കുന്ന സംരംഭമായി ഓപ്പൺ ലൈബ്രറിയെ വളർത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നത്. പുസ്തകശേഖരണം വരും ദിവസങ്ങളിലും തുടരും.

പ്രൊഫ. കെ. എം. കുര്യാക്കോസ്, ബേസിൽ എബ്രഹാം, കെ.പി. കുര്യാക്കോസ്, എം.എസ്. എൽദോസ്, റോയി പീച്ചാട്ട്, ബാബു ഇരുമല, സായി പൂത്തോട്ട, എം.ഡി. ശശി, ബിന്ദു വർഗീസ്, ബിജി ഷിബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.