പാലക്കാട് ക്വാറിയിൽ വീണ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

 

file image

Local

പാലക്കാട് ക്വാറിയിൽ വീണ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

സ്കൂബാ ഡൈവിങ് സംഘം വീണ്ടും നടത്തിയ തെരച്ചിലിലാണ് വെള്ളിയാഴ്ച രാവിലെ 7.30ഓടെ മൃതദേഹം കണ്ടെത്തിയത്

Sarath Nath MS

പാലക്കാട്: പാലക്കാട് കരുകപുത്തൂരിൽ വെള്ളം നിറഞ്ഞ ക്വാറിയിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഡ്രൈവറുടെ മൃതദേഹം 24 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തി. ചാഴിയാട്ടിരി തിരുമിറ്റക്കോട് സ്വദേശി സി. അബു താഹിർ (40) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്. മണൽ ഇറക്കാനായി പ്രവർത്തനരഹിതമായ ക്വാറിയിലെത്തിയ താഹിർ ലോറി പിന്നോട്ടെടുക്കുന്നതിനിടെ വാഹനം ക്വാറിയുടെ അരികിലേക്ക് നീങ്ങി 15 അടിയിലേറെ താഴ്ചയുള്ള വെള്ളക്കെട്ടിലേക്ക് പതിക്കുകയായിരുന്നു. ഖനനത്തെ തുടർന്ന് രൂപപ്പെട്ട ജലാശയത്തിലേക്കാണ് ലോറി വീണതെന്ന് ചാലിശ്ശേരി പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 8.30ഓടെ അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തകരും തെരച്ചിൽ ആരംഭിച്ചു. സ്കൂബാ ഡൈവർമാർ നടത്തിയ പരിശോധനയിൽ വൈകിട്ടോടെയാണ് ലോറി കണ്ടെത്തിയത്. രാത്രി വൈകി വലിയ ക്രെയിൻ ഉപയോഗിച്ച് ലോറി വെള്ളത്തിൽ നിന്ന് പുറത്തെടുത്തു. എന്നാൽ ഡ്രൈവറെ ക്യാബിനുള്ളിൽ കണ്ടെത്താനായില്ല.

തുടർന്ന് സ്കൂബാ ഡൈവിങ് സംഘം വീണ്ടും നടത്തിയ തെരച്ചിലിലാണ് വെള്ളിയാഴ്ച രാവിലെ 7.30ഓടെ മൃതദേഹം കണ്ടെത്തിയത്. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ താഹിർ ലോറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.