ലാഭം കൊയ്ത് മൂന്നാറിലെ ഡബിൾ ഡെക്കർ ബസുകൾ; 5 ദിവസം കൊണ്ട് നേടിയത് 4 ലക്ഷം രൂപ
കോതമംഗലം: പൂജ അവധി ദിവസങ്ങളില്‍ ലാഭം കൊയ്ത് മൂന്നാറിലെ കെഎസ്ആര്‍ടിസി ഡബിള്‍ ഡെക്കര്‍ ബസുകൾ. ഒക്റ്റോബര്‍ 17 മുതല്‍ 21 വരെയുള്ള അഞ്ച്ദിവസത്തിനിടെ 1191 പേരാണ് ഡബിള്‍ ഡെക്കര്‍ ബസുകളില്‍ യാത്ര ചെയ്തത്. 4,06,000 രൂപയാണ് അഞ്ച് ദിവസം കൊണ്ട് കെഎസ്ആർടിസി പോക്കറ്റിലാക്കിയത്.
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വേറിട്ട യാത്രാനുഭവം സമ്മാനിക്കുന്ന പദ്ധതിയാണ് കെഎസ്ആര്‍ടിസി യുടെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസുകള്‍. നിലവില്‍ രണ്ടു ഡബിള്‍ ഡെക്കര്‍ ബസുകളാണ് സര്‍വീസ് നടത്തുന്നത്.
മൂന്നാറില്‍ നിന്ന് കൊച്ചി - ധനുഷ്കോടി ദേശീയപാതയിലൂടെ ആനയിറങ്കല്‍ ഡാമിനു സമീപം വരെയാണ് യാത്ര. യാത്രയില്‍ അഞ്ചിടങ്ങളില്‍ ബസ് നിര്‍ത്തി സഞ്ചാരികള്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിന് അവസരമുണ്ട്.
കെഎസ്ആര്‍ടിസിയുടെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ സര്‍വീസ് 2025 ഫെബ്രുവരി എട്ടിനാണ് മൂന്നാറില്‍ ആരംഭിച്ചത്. ഈ വര്‍ഷം ജനുവരി നാലിന് രണ്ടാമത്തെ ബസും സര്‍വീസ് തുടങ്ങി. ഇതോടെ കൂടുതല്‍ സഞ്ചാരികള്‍ക്ക് ഡബിള്‍ ഡെക്കര്‍ യാത്രയുടെ ഭാഗമാകാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
മുകള്‍ നിലയില്‍ ഒരാള്‍ക്ക് 400 രൂപയും താഴത്തെ നിലയില്‍ 200 രൂപയാണ് നിരക്ക്. മുകള്‍ നിലയില്‍ 38 സീറ്റും താഴത്തെ നിലയില്‍ 12 സീറ്റുമാണുള്ളത്. രാവിലെ 9 മുതല്‍ വൈകുന്നേരം 4.30 വരെ ആറ് സര്‍വീസുകളാണ് രണ്ടു ബസും കൂടി നടത്തുന്നത്.