താലൂക്ക് വികസന സമിതി യോഗത്തിൽ വികസന പദ്ധതികളുടെ പുരോഗതി വിശദീകരിക്കുന്ന ഷിബു തെക്കുംപുറം എംഎൽഎ.
കോതമംഗലം: പുന്നേക്കാട് മുതൽ തട്ടേക്കാട് വരെയുള്ള ഭാഗത്ത് വഴിവിളക്കുകൾ സ്ഥാപിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം നവംബർ 25ന് നടത്തുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ അറിയിച്ചു. പദ്ധതിക്കായി ധനകാര്യ വകുപ്പ് തുക കൈമാറിയിട്ടുണ്ട്. വൈദ്യുതി വകുപ്പ് പ്രവൃത്തി ആരംഭിക്കുന്നതിന് മുൻകൂറായി പണം ആവശ്യപ്പെട്ടതാണ് പദ്ധതി വൈകാൻ കാരണമായത്.
ഭൂതത്താൻകെട്ട് ഡാമിൽനിന്ന് നേര്യമംഗലം വരെ ഡിസംബർ ഒന്ന് മുതൽ ബോട്ട് സർവീസ് ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു. പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾക്ക് കൂടുതൽ ഉണർവേകുന്ന പദ്ധതിയാണിത്.
കക്കടാശ്ശേരി മുതൽ നേര്യമംഗലം വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ഓടകളുടെ നിർമാണവും സ്ലാബ് ഇടുന്ന പ്രവൃത്തികളും എത്രയും വേഗം പൂർത്തിയാക്കാൻ എൻഎച്ച്എഐ അധികൃതർക്ക് നിർദേശം നൽകി. റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയ വെയ്റ്റിംഗ് ഷെഡിന് പകരം പുതിയ വെയ്റ്റിംഗ് ഷെഡ് സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിക്കും.
ഭൂതത്താൻകെട്ട് ഉദ്യാനത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഡിസംബർ മാസത്തിൽ ആരംഭിക്കുമെന്നും യോഗത്തിൽ അറിയിച്ചു.
കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തിലാണ് മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെയും പൊതുജനങ്ങളുടെ ആവശ്യങ്ങളുടെയും പുരോഗതി വിലയിരുത്തിയത്.
മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, വൈസ് ചെയർമാൻ പ്രിൻസ് വർക്കി, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. മൊയ്തു, കെ.പി. ജോർജുകുട്ടി, ബിന്ദു ജോർജ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.