കൊച്ചിയിൽ വരും ദിവസങ്ങളിൽ ജലക്ഷാമം കൂടുതൽ രൂക്ഷമായേക്കും.
Freepik.com
കൊച്ചി: നഗരത്തിൽ പ്രതിദിനം 50 മുതൽ 60 ദശലക്ഷം ലിറ്റർ വരെ വെള്ളത്തിന്റെ കുറവ്; കൊച്ചി കടുത്ത കുടിവെള്ളക്ഷാമത്തിലേക്ക് നീങ്ങുന്നു. വടക്കൻ മൺസൂൺ പിൻവാങ്ങുകയും വരും മാസങ്ങളിൽ സംസ്ഥാനത്ത് ഉഷ്ണതരംഗം ശക്തമാകുകയും ചെയ്താൽ സ്ഥിതി കൂടുതൽ വഷളാകും. പുതിയ പദ്ധതികളൊന്നും നടപ്പിലാക്കാത്തതിനാൽ ഉൾനാടൻ പ്രദേശങ്ങളിൽ വരുംദിവസങ്ങളിൽ ക്ഷാമം അതിരൂക്ഷമാകുമെന്നാണ് സൂചന.
നഗരത്തിന്റെ വടക്കൻ മേഖലകളിലെ കച്ചേരിപ്പടി മുതൽ വടുതല വരെയുള്ള നാല് ഡിവിഷനുകളിലെ ജനങ്ങളെയാണ് കുടിവെള്ളക്ഷാമം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. കടമക്കുടി, ചേരാനല്ലൂർ, ചെല്ലാനം എന്നിവിടങ്ങളിലും ആഴ്ചകളായി കടുത്ത ജലക്ഷാമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലാരിവട്ടം പോലുള്ള പ്രദേശങ്ങളിൽ വിതരണത്തിൽ തടസങ്ങൾ ഉണ്ടായെങ്കിലും അവ ഉടൻ തന്നെ പരിഹരിക്കപ്പെട്ടു.
വിതരണത്തിലെ തടസങ്ങളെ തുടർന്ന് അയ്യപ്പൻകാവ് ഡിവിഷനിലെ സ്കൂളുകളിൽ കൈകഴുകാൻ പോലും വിദ്യാർഥികളോട് അധികം വെള്ളം കൊണ്ടുവരാൻ അധികൃതർ നിർദേശിക്കുന്ന സാഹചര്യമുണ്ടായി. പ്രദേശവാസികളിൽ ഭൂരിഭാഗവും ഇപ്പോൾ കുടിവെള്ളത്തിനായി ടാങ്കർ സർവീസുകളെയാണ് ആശ്രയിക്കുന്നത്. ഒരു ടാങ്കറിന് കുറഞ്ഞത് 900 രൂപയാണ് ഇവർ ഈടാക്കുന്നത്.
തമ്മനത്തെ വാട്ടർ ടാങ്കിന്റെ രണ്ട് ചേംബറുകളിലൊന്ന് തകർന്നപ്പോൾ തന്നെ അധികൃതർ മുൻകരുതൽ എടുക്കേണ്ടതായിരുന്നുവെന്നും, ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ചെലവ് പങ്കിട്ട് വെള്ളം വാങ്ങാനാകുമെങ്കിലും ഒറ്റപ്പെട്ട വീടുകളിൽ കഴിയുന്നവരാണ് ഏറെ പ്രയാസപ്പെടുന്നതെന്നും റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ വ്യക്തമാക്കുന്നു.
പൈപ്പ് ലൈനുകളിൽ തടസമുള്ള സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയാണെന്ന് കേരള വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വിതരണ ശൃംഖലയുടെ അവസാന ഭാഗങ്ങളിലാണ് ക്ഷാമം കൂടുതൽ അനുഭവപ്പെടുന്നത്. ആലുവയിൽ നിന്ന് കൂടുതൽ വെള്ളം എത്തിച്ചാൽ മാത്രമേ ഇതിന് പൂർണ്ണ പരിഹാരമാകൂ എന്നും താപനില ഉയർന്നത് സ്ഥിതി സങ്കീർണ്ണമാക്കിയെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
നഗരത്തിലേക്കുള്ള ജലവിതരണം വർധിപ്പിക്കുന്നതിനായി ആലുവയിൽ 190 എം.എൽ.ഡി ജലശുദ്ധീകരണ ശാല സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ 523 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി പദ്ധതി കമ്മീഷൻ ചെയ്യാൻ കുറഞ്ഞത് ആറുമാസമെങ്കിലും സമയമെടുക്കും.
നഗരത്തിൽ നിലവിൽ പ്രതിദിനം 200 മുതൽ 210 ദശലക്ഷം ലിറ്റർ വരെ വെള്ളമാണ് ആവശ്യമായി വരുന്നത്. എന്നാൽ നിലവിൽ 50 മുതൽ 60 ദശലക്ഷം ലിറ്ററിന്റെ കടുത്ത ദൗർലഭ്യമാണ് അനുഭവപ്പെടുന്നത്. നഗരത്തിൽ നിലവിൽ ഒന്നര ലക്ഷത്തോളം കുടിവെള്ള കണക്ഷനുകളാണുള്ളത്.