തങ്കളം ന്യൂ ബൈപ്പാസിന്റെ കെഎസ്ആർടിസി ഡിപ്പോയുടെ സമീപം മുതൽ കോഴിപ്പിള്ളി ജങ്ഷൻ വരെയുള്ള ഭാഗത്ത് റോഡ് അടച്ചുകെട്ടിയ നിലയിൽ.
കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിന്റെ രണ്ടാം റീച്ചിന്റെ അവസാന ഭാഗ നിർമാണം ഭൂമി സംബന്ധിച്ച തർക്കത്തിൽ അനിശ്ചിതത്വത്തിലേക്ക്. ഭൂമി കൈയേറിയെന്ന ആരോപണവുമായാണ് സ്ഥലം ഉടമകൾ റോഡ് അടച്ചു കെട്ടിയത്.
ടാറിങ് ഉൾപ്പെടെയുള്ള നിർമാണം പൂർത്തിയാക്കും മുൻപ് കഴിഞ്ഞമാസം കോതമംഗലം ചെറിയപള്ളി പെരുന്നാളിനോടനുബന്ധിച്ച് താത്കാലികമായി റോഡ് തുറന്നിരുന്നു. ബൈപ്പാസിൽ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം മുതൽ കോഴിപ്പിള്ളി ജങ്ഷൻ വരെയുള്ള ഭാഗമാണ് സ്ഥലം ഉടമ ഇപ്പോൾ അടച്ചുകെട്ടിയത്. റോഡ് അടച്ചത് അറിയാതെ എത്തുന്ന വാഹനങ്ങൾ ഇവിടെവന്ന് മറ്റ് റോഡുകളിലൂടെ തിരിഞ്ഞുപോകുകയാണ്.
ഇളംതുരുത്തിൽ വർഗീസ്-ലിസ ദമ്പതിമാരാണ് റോഡ് അടച്ചത്. റോഡിന് കുറുകേ കയർകെട്ടി അടച്ച് കല്ലുനിരത്തി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. അലൈൻമെന്റ് പ്രകാരം തങ്ങളുടെ സ്ഥലം ഏറ്റെടുക്കേണ്ടതില്ലെന്നാണ് ഉടമയുടെ വാദം. ഇതുവരെ സ്ഥലം ഏറ്റെടുത്തത് സംബന്ധിച്ച് ഒരു രേഖയും തന്നിട്ടില്ല. റീ സർവേയിൽ തങ്ങളുടെ ആധാരത്തിലുള്ള സ്ഥലം കുറവില്ലെന്നാണ് തെളിഞ്ഞത്. ഉൾമതിലും വീടിന്റെ ഭാഗങ്ങളും ഉൾപ്പെടെ പൊളിച്ച് കൈയേറ്റം നടത്തിയതായും ഉടമ ആരോപിക്കുന്നു.
സ്ഥലം സർവേ നടത്തി അതിർത്തി നിർണയിക്കണമെന്ന കോടതി നിർദേശം പാലിക്കാൻ അധികൃതർ തയാറാകണമെന്നും ഇവർ ആവശ്യപ്പെടുന്നു. അതേസമയം, സ്ഥലത്തിന്റെ വില കൈപ്പറ്റാൻ ഉടമ തയാറാകാത്തതു കാരണം തുക റവന്യൂ വകുപ്പ് കോടതിയിൽ കെട്ടിവച്ചതായാണ് പൊതുമരാമത്ത് അധികൃതർ നൽകുന്ന വിശദീകരണം. റവന്യൂവകുപ്പ് ഭൂമി കൈമാറിയതനുസരിച്ച് അലൈൻമെന്റ് പ്രകാരമാണ് പൊതുമരാമത്ത് നിർമാണം നടത്തിയതെന്നും അധികൃതർ.
പെരുന്നാളിനോടനുബന്ധിച്ച് താത്കാലികമായി ബൈപാസ് വാഹന ഗതാഗതത്തിനായി തുറന്നുകൊടുത്തത് പോലീസിന്റെയും മറ്റ് അധികാരികളുടെയും അഭ്യർഥന മാനിച്ചാണെന്നാണ് സ്ഥലം ഉടമ പറയുന്നത്. നിർമാണപ്രവർത്തനം നടത്തില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. രണ്ടാഴ്ച കഴിഞ്ഞും വാഹനഗതാഗതം തുടരുന്ന സാഹചര്യത്തിലാണ് റോഡ് അടയ്ക്കാൻ തീരുമാനിച്ചത്. തങ്ങൾക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.