ഫസൽ മെഹബൂബ്
കോതമംഗലം: യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിൽ. കോതമംഗലം ഇരമല്ലൂർ കുറ്റിലഞ്ഞി പുതുപ്പാലം ഏരംതുരുത്തിൽ വീട്ടിൽ ഫസൽ മെഹബൂബ് (30) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിൽ പുതുപ്പാലം ഭാഗത്തുള്ള പ്ലൈവുഡ് കമ്പനിയിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
കമ്പനി വിറ്റ വകയിലെ രണ്ടാം ഗഡു പണം ചോദിച്ചതിലുള്ള വിരോധമാണ് ആക്രമണ കാരണം. പരാതിക്കാരനായ യുവാവിന്റെയും ആക്രമണത്തിൽ ഉൾപ്പെട്ടയാളുടെയും പേരിലുളള കമ്പനിയാണ് സമീപകാലത്ത് മറ്റൊരാൾക്ക് വിറ്റിരുന്നു. ഇപ്പോൾ അറസ്റ്റിലായ ഫസൽ മെഹബൂബും മറ്റ് ഏഴ് പേരടങ്ങിയ സംഘവും പരാതിക്കാരനായ യുവാവിനെയും ബന്ധുക്കളെയും കമ്പനി വിറ്റ വകയിൽ കൊടുക്കാനുള്ള പണത്തിന്റെ കാര്യം സംസാരിക്കുന്നതിനായി കമ്പനിയിലേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു.
എസ്ഐ കെ.എച്ച്. ഹാഷിം, സീനിയർ സിപിഒമാരായ ഫൈസൽ, റെനീഷ്, സിപിഒ ദയേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.