പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു തന്റെ പാടശേഖരത്തിൽ
കോതമംഗലം: പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങൾക്കും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമൊപ്പം കൃഷിയിലും സജീവമായി ഇടപെടുകയാണ് ഈ പഞ്ചായത്ത് പ്രസിഡന്റ്. തിരക്കേറിയ പൊതുപ്രവർത്തനത്തിനിടയിലും കൃഷിയിടത്തിൽ സമയം ചെലവഴിക്കുന്ന ഈ ജനപ്രതിനിധിയുടെ കൃഷിയോടുള്ള താൽപര്യം ശ്രദ്ധേയമാണ്. അതിരാവിലെ പാടത്ത് ചേറിൽ പുതഞ്ഞ് നടന്ന് നെൽകൃഷി ചെയ്യുന്ന കർഷകനാണ് പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു.
ജനപ്രതിനിധിയുടെ തിരക്കുകൾക്കിടയിലും കൃഷിയോടുള്ള ഇഷ്ടത്തിന് ഒരു കുറവും വരുത്താത്ത പഞ്ചായത്ത് പ്രസിഡന്റാണ് അദ്ദേഹം. മൊയ്തുവിന്റെ ഒരു ദിവസം ആരംഭിക്കുന്നത് പഞ്ചായത്ത് ഓഫീസിലല്ല, സ്വന്തം കൃഷിയിടത്തിലാണ്. ചെറുപ്പകാലം മുതൽക്കേ കൃഷിയോടുള്ള താൽപര്യം ജീവിതത്തിന്റെ ഭാഗമാക്കിയ മൊയ്തു, രണ്ട് പതിറ്റാണ്ടിലേറെയായി പൊതുപ്രവർത്തന രംഗത്തുണ്ട്. മൂന്നാം തവണയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതലയിൽ എത്തുന്നത്.
പഞ്ചായത്ത് ഭരണത്തിന്റെയും പൊതുപ്രവർത്തനത്തിന്റെയും തിരക്കുകളിലേക്ക് കടക്കുന്നതിന് മുമ്പ് രാവിലെ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കൃഷിയിടത്തിൽ ചെലവഴിക്കുക എന്നത് മൊയ്തുവിന്റെ പതിവാണ്. രണ്ട് ഏക്കർ പാടത്ത് വർഷത്തിൽ രണ്ട് തവണ നെൽകൃഷി ചെയ്യുന്നു. ഇതിനു പുറമെ മറ്റൊരു സ്ഥലത്ത് രണ്ടേക്കറോളം ഭൂമിയിൽ റബർ, തെങ്ങ്, വാഴ, ജാതി, കൊക്കോ തുടങ്ങിയ കൃഷികളും നടത്തുന്നുണ്ട്.
ജനപ്രതിനിധിയുടെ തിരക്കുകൾക്കിടയിലും കൃഷിയെ കൈവിടാൻ അദ്ദേഹം തയ്യാറല്ല. ചെറിയ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും കൃഷിയിൽ നിന്ന് പിന്മാറാൻ ഉദ്ദേശമില്ലെന്ന് മൊയ്തു പറയുന്നു. പൊതുപ്രവർത്തകർ കൃഷിയിലും അധ്വാനത്തിലും മാതൃകയാകണമെന്നും അദ്ദേഹത്തിന് പറയാനുണ്ട്.
നാടിന്റെ വികസനത്തിനായി പൊതുരംഗത്ത് പ്രവർത്തിക്കുമ്പോഴും മണ്ണിനോടുള്ള ബന്ധം മുറിയാതെ കാത്തുസൂക്ഷിക്കുകയാണ് മൊയ്തു. കൃഷി ഒരു ഉപജീവനമാർഗം മാത്രമല്ല, ജീവിതശൈലി കൂടിയാണെന്ന് സ്വന്തം പ്രവൃത്തിയിലൂടെ തെളിയിക്കുകയാണ് ഈ പഞ്ചായത്ത് പ്രസിഡന്റ്.