കോതമംഗലം മാർ അത്തനേഷ്യസ് കോളെജിൽ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനവും പുതിയ പ്രോഗ്രാമുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുന്നു

 
Local

അക്കാദമികരംഗവും തൊഴിൽമേഖലയും തമ്മിലുള്ള വിടവ് നികത്താൻ ഉന്നത വിദ്യാഭ്യാസരംഗത്തിന് കഴിയണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

പുതിയ കാലത്തിന്‍റെ തൊഴിൽ സാധ്യത തിരിച്ചറിഞ്ഞ് നൂതന പ്രോഗ്രാമുകളുമായി മുന്നേറുന്ന മാർ അത്തനേഷ്യസ് കലാലയത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു

MV Desk

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളെജിൽ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനവും പുതിയ പ്രോഗ്രാമുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന​ ചടങ്ങിൽ മാർ അത്തനേഷ്യസ് കോളെജ് അസോസിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

ഏഴ് പതിറ്റാണ്ടുകാലത്തെ അക്കാദമിക മികവിന്‍റെയും സാമൂഹ്യസേവനത്തിന്‍റെയും സ്മരണ പുതുക്കുന്ന സപ്തതി ആഘോഷങ്ങളുടെ സമാപനത്തോടൊപ്പം, പുതുതായി ആരംഭിച്ച ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിത്ത് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബിഎസ്‌സി ആക്ച്വറിയൽ സയൻസ്, ബിഎസ്‌സി മൈക്രോബയോളജി, എംഎസ്‌സി ഗ്രീൻ ഹൈഡ്രജൻ എനർജി എന്നീ കോഴ്സുകളുടെ ഉദ്ഘാടനവും വേദിയിൽ മുഖ്യമന്ത്രി നിർവഹിച്ചു.

എംഎസ്‌സി ഗ്രീൻ ഹൈഡ്രജൻ എനർജി പ്രോഗ്രാം ഇന്ത്യയിൽ തന്നെ ആദ്യത്തെതാണ്. ബിഎസ്‌സി ആക്ച്വറിയൽ സയൻസിന്‍റെ കേരളത്തിലെ ആദ്യത്തെ പ്രോഗ്രാമാണ് മാർ അത്തനേഷ്യസ് കോളെജിൽ തുടങ്ങിയത്. കൂടാതെ സുവോളജി, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി എന്നീ വിഭാഗങ്ങളിൽ പുതുതായി സ്ഥാപിതമായ ഗവേഷണ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിർവ്വഹിച്ചു. അതോടെ പിന്നിട്ട 70 വർഷങ്ങളിലെ അക്കാദമിക പാരമ്പര്യത്തിന്‍റെ പ്രൗഢിയും പുതിയ ഗവേഷണ മേഖലകളിലേക്കുള്ള മുന്നേറ്റത്തിന്‍റെ ആഘോഷവും കൂടിയായി സപ്തതി സമാപന സമ്മേളനം മാറി.

പുതിയ കാലത്തിന്‍റെ തൊഴിൽ സാധ്യത തിരിച്ചറിഞ്ഞ് നൂതന പ്രോഗ്രാമുകളുമായി മുന്നേറുന്ന മാർ അത്തനേഷ്യസ് കലാലയത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി, അക്കാദമികരംഗവും തൊഴിൽമേഖലയും തമ്മിലുള്ള വിടവ് നികത്താൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയണമെന്ന് ഓർമ്മപ്പെടുത്തി.

സപ്തതി സമാപന സമ്മേളനത്തിൽ അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് ആമുഖപ്രഭാഷണം നടത്തി. ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം, ഉടുമ്പൻചോല എംഎൽഎ സേനാപതി വേണു എന്നിവർ പങ്കെടുത്തു. മാർ അത്തനേഷ്യസ് കോളെജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, ​വൈസ് പ്രിൻസിപ്പൽ ഡോ. എബി പി. വർഗീസ് എന്നിവർ സംസാരിച്ചു.

നൂതന ആശയങ്ങളും നൈപുണികളും സമന്വയിപ്പിച്ചുകൊണ്ട് 3 അന്തർദ്ദേശീയ കോൺഫറൻസുകൾ, സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തിയ സത്വ ഫെസ്റ്റ് എന്നിവ ഉൾപ്പെടെ വിവിധ പരിപാടികളാണ് ഒരു വർഷം നീണ്ടുനിന്ന സപ്തതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചത്.

18 ബിരുദ ഓണേഴ്സ് പ്രോഗ്രാമുകൾ (14 എയ്ഡഡ്, 4 സെൽഫ് ഫിനാൻസിങ്), 17 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ (8 എയ്ഡഡ്, 9 സെൽഫ് ഫിനാൻസിങ്), ബേസിക് സയൻസസ് (ബയോളജി) ഒരു എയ്ഡഡ് ഇന്‍റഗ്രേറ്റഡ് പോസ്റ്റ്ഗ്രാജുവേറ്റ് പ്രോഗ്രാം, കൂടാതെ 8 പിഎച്ച്ഡി പ്രോഗ്രാമുകൾ (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ്) എന്നിവ മാർ അത്തനേഷ്യസ് കോളെജിലുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കായ എൻഐആർഎഫിൽ 2021 മുതൽ ഇന്ത്യയിലെ മികച്ച 100 കോളെജുകളിൽ സ്ഥിരമായി ഇടംപിടിച്ച എംഎ കോളെജിന്, നാക് എപ്ലസ് ഗ്രേഡാണ് ഉള്ളത്.