അറസ്റ്റിലായ പ്രതികൾ
ആലുവ: പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡിശ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ (30), ഗോബർദ്ദൻ നിയാൽ (36), ഗജീന്ദ്ര റാണ (20) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഒഡിശയിൽ നിന്നാണ് സംഘം കഞ്ചാവ് വാങ്ങിയത്. ആലുവ റെയ്ൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘം പെരുമ്പാവൂരിലേക്ക് പോകുന്നതിന് കെഎസ്ആർടിസി ബസിൽ കയറാൻ പോകവേയാണ് പിടിയിലായത്.
കിലോയ്ക്ക് മൂവായിരം രൂപാ നിരക്കിൽ ഒഡിശയിൽ നിന്ന് കഞ്ചാവ് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ഇവിടെ വിൽപന നടത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്കായിരുന്നു കഞ്ചാവ് വിറ്റിരുന്നത്. കുറച്ച് നാളുകളായി സംഘം പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്, നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി സി. ബിനുകുമാർ, ആലുവ സിഐ പി.എം ഷെമീർ, എസ്ഐ രഞ്ജിത് മാത്യു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.