ടി.ആർ. സോമൻ

 
Local

കൈവിട്ട ലോകകപ്പ് സ്വപ്നം; സ്റ്റേഡിയങ്ങൾ സന്ദർശിച്ച് ഓർമകൾ നെഞ്ചിലേറ്റിയ ടി.ആർ. സോമൻ

വിധി നിഷേധിച്ച മത്സരം, പക്ഷേ മങ്ങാത്ത ഫുട്ബോൾ പ്രണയം

Local Desk

പി.ആർ. രമേശ്

വൈപ്പിൻ: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് ഫിഫ ലോകകപ്പ് മത്സരം സ്റ്റേഡിയത്തിലിരുന്ന് നേരിൽ കാണുക. ടെലിവിഷൻ സ്ക്രീനിൽ മിന്നിമറയുന്ന ഓരോ പാസും ഓരോ ഗോളും ആവേശത്തോടെ ആസ്വദിക്കുന്ന ആരാധകന്‍റെ മനസിൽ, ഒരിക്കലെങ്കിലും ആ ഗാലറിയിൽ ഇരുന്ന് ലോകകപ്പിന്‍റെ ഹൃദയമിടിപ്പ് അനുഭവിക്കണമെന്ന ആഗ്രഹം എന്നും ജീവിച്ചിരിക്കും.

ആ സ്വപ്നം യാഥാർഥ്യമാകാൻ ഒരു പടി മാത്രം ബാക്കി നിൽക്കേ, വിധി മറ്റൊരു തീരുമാനം എഴുതിവെച്ച ഒരാളുണ്ട്. വൈപ്പിൻ നായരമ്പലം സ്വദേശി ടി.ആർ. സോമൻ.

ടി.ആർ. സോമൻ

2022-ലെ ഖത്തർ ഫിഫ ലോകകപ്പ് നേരിൽ കാണാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. യാത്ര ഉറപ്പായിരുന്നു. എന്നാൽ അപ്രതീക്ഷിതമായ ചില സാഹചര്യങ്ങൾ കാരണം അവസാന നിമിഷം ആ യാത്ര ഉപേക്ഷിക്കേണ്ടിവന്നു. ജീവിതത്തിലെ ഏറ്റവും വലിയ കായികസ്വപ്നങ്ങളിലൊന്ന് കൺമുന്നിൽ നിന്ന് വഴുതിപ്പോയ ആ നിമിഷം ഇന്നും അദ്ദേഹത്തിന്‍റെ മനസിൽ മായാത്ത ഓർമയാണ്.

കൊച്ചിൻ ഷിപ്പ്യാർഡിലെ എഞ്ചിനീയറായി ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച 74-കാരനായ ടി.ആർ. സോമൻ, കായികരംഗത്തെ സ്നേഹിച്ച ഒരാൾ മാത്രമല്ല. അതിനെ ജീവിതത്തിന്‍റെ ഭാഗമാക്കിയ വ്യക്തിയാണ്. 1973-ൽ ഷിപ്പ്യാർഡിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം അമേച്വർ അത്‌ലറ്റിക്‌സിലൂടെയും പിന്നീട് മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സിലൂടെയും ശ്രദ്ധേയ പ്രകടനങ്ങൾ കാഴ്ചവച്ചു. ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിലായി അനേകം മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകളും ട്രോഫികളും സ്വന്തമാക്കി. വിജയങ്ങൾക്കപ്പുറം കായികമൂല്യങ്ങളെ നെഞ്ചോട് ചേർത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. ലോകകപ്പ് മത്സരം നേരിൽ കാണാനായില്ലെങ്കിലും, ആ സ്വപ്നത്തെ മനസിൽ നിന്ന് മായ്ക്കാൻ അദ്ദേഹം തയാറായില്ല. ടൂർണമെന്‍റ് അവസാനിച്ച് ദിവസങ്ങൾക്കകം ഭാര്യ ശ്രീദേവിയോടൊപ്പം ഖത്തറിലെത്തി ലോകകപ്പിന് വേദിയായ എട്ട് സ്റ്റേഡിയങ്ങളും സന്ദർശിച്ചു. മത്സരങ്ങളുടെ ആരവം അവസാനിച്ചിരുന്നെങ്കിലും ഓരോ സ്റ്റേഡിയത്തിനും പറയാനുണ്ടായിരുന്ന കഥകൾ അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചു.

ടി.ആർ. സോമനും ഭാര‍്യയും

യാത്രയുടെ ഓർമയായി ഫിഫ ലോകകപ്പിന്‍റെ മാതൃകാ ട്രോഫിയും ലോകകപ്പ് ഫുട്ബോളിന്‍റെ മാതൃകയും അദ്ദേഹം സ്വന്തമാക്കി. വർഷങ്ങളായി നേടിയ മെഡലുകൾക്കും ട്രോഫികൾക്കുമൊപ്പം അവയും ഇന്ന് അദ്ദേഹത്തിന്‍റെ വീട്ടിൽ അമൂല്യ നിധികളായി സൂക്ഷിച്ചിരിക്കുന്നു. അവ വെറും ശേഖരവസ്തുക്കളല്ല. കൈവിട്ടുപോയ ഒരു സ്വപ്നത്തിന്‍റെ ജീവിക്കുന്ന ഓർമകളാണ്. 2023 മുതൽ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും കായികരംഗത്തോടുള്ള ആവേശത്തിന് ഇന്നും ഒട്ടും കുറവില്ല. ഫിഫ ലോകകപ്പിലെ ഓരോ മത്സരവും അദ്ദേഹം ശ്രദ്ധയോടെ കാണുകയും ഓരോ ടീമിന്‍റെയും പ്രകടനം സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്യുന്നു. ഫുട്ബോളിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയാൽ നൂറുനാവാണ് ടി.ആർ. സോമന്‍. ബ്രസീൽ ക്വാർട്ടർ ഫൈനലിൽ എത്താതെ പുറത്തായത് വലിയ നിരാശയുണ്ടാക്കിയെന്ന് അദ്ദേഹം തുറന്നുപറയുന്നു. ഫൈനൽ മത്സരം എന്നും ലോകഫുട്ബോളിന്‍റെ ഉത്സവമാണെന്നും അത് ആവേശകരവും പ്രവചനാതീതവുമായിരിക്കുമെന്നുമാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തൽ.

ഇത്തവണത്തെ ലോകകപ്പിന്‍റെ സവിശേഷതകളെക്കുറിച്ചും അദ്ദേഹത്തിന് വ്യക്തമായ അഭിപ്രായമുണ്ട്. ആദ്യമായി ലോകകപ്പിൽ പങ്കെടുത്ത ചെറുദ്വീപ് രാഷ്ട്രമായ കാബോ വെർദെയുടെ പോരാട്ടവീര്യം ടൂർണമെന്‍റിലെ ഏറ്റവും ശ്രദ്ധേയ കാഴ്ചകളിലൊന്നായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പുറത്തായ ടീമിന് സ്വന്തം നാട്ടിൽ ലഭിച്ച ഊഷ്മള വരവേൽപ്പ് ലോകകായികരംഗത്തിന് നൽകിയ വലിയ സന്ദേശമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരു സ്വപ്നം കൈവിട്ടെങ്കിലും...

ചില സ്വപ്നങ്ങൾ പൂവണിയില്ല. പക്ഷേ, അവ ജീവിതത്തിൽ മായാത്ത അടയാളങ്ങൾ പതിപ്പിക്കും. ടി.ആർ. സോമന്‍റെ ലോകകപ്പ് സ്വപ്നവും അത്തരത്തിലൊന്നാണ്. മത്സരം നേരിൽ കാണാൻ കഴിഞ്ഞില്ല. എന്നാൽ ലോകകപ്പിന്‍റെ ചരിത്രം കുറിച്ച സ്റ്റേഡിയങ്ങളിലൂടെ നടന്ന ആ യാത്ര അദ്ദേഹത്തിന്‍റെ മനസിൽ മറ്റൊരു ലോകകപ്പ് അനുഭവം സമ്മാനിച്ചു. കാരണം, യഥാർഥ ആരാധകർക്ക് ഫുട്ബോൾ ഒരു കളി മാത്രമല്ല. അത് ജീവിതകാലം മുഴുവൻ ഹൃദയത്തിൽ ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു വികാരമാണ്.

അലോഷ്യസിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി; കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് ഓർമിപ്പിച്ച് സംസ്ഥാന അധ്യക്ഷൻ!

അവൾ പാവപ്പെട്ടതായത് കൊണ്ടല്ലേ അങ്ങനെ ചെയ്തത്, ഡോക്റ്റർ എന്ന വിളിക്ക് നിങ്ങൾ അർഹരല്ല; 4 വയസുകാരിയുടെ മരണത്തിൽ സുപ്രീംകോടതി

ഉത്തേജകമരുന്ന് പരിശോധനയിൽ കുടുങ്ങി പാക് താരം; വിലക്കേർപ്പെടുത്തി ഐസിസി

വിദേശ വിദ്യാർഥികളുടെ വിസ നിയമം കടുപ്പിച്ച് യുഎസ്; ആശങ്ക‍യിൽ ഇന്ത്യക്കാർ

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ; 'നമോ ഗ്രീൻ റെയിൽ'‌ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു