നെല്ലിക്കുഴിയിൽ യുവാവിന് ക്രൂരമർദനം; പ്രതിക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ സഹായമെന്ന് ആരോപണം

 
Local

നെല്ലിക്കുഴിയിൽ യുവാവിന് ക്രൂരമർദനം; പ്രതിക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ സഹായമെന്ന് ആരോപണം

മണ്ണ് അടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ അൽത്താഫ് നേരത്തെ പരാതി നൽകിയിരുന്നു.

Local Desk

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൽ യുവാവിനെ കമ്പിവടികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിക്കുഴി പൂമറ്റം കവല കുപ്പക്കാട്ട് വീട്ടിൽ മുഹമ്മദ് സാഫി (35), നെല്ലിക്കുഴി ചിറപ്പടി കൊട്ടാരത്തിൽ വീട്ടിൽ അബ്ദുൽ മജീദ് (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെല്ലിക്കുഴി ചിറപ്പടിയിൽ വ്യാഴാഴ്ച പകൽ 11 മണിയോടെയാണ് സംഭവം.പാനിപ്ര അപ്പാടത്ത് സ്വദേശി അൽത്താഫ് (36) ആണ് ആക്രമണത്തിനിരയായത്.

മണ്ണ് അടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. കമ്പിവടികൊണ്ട് തലയ്ക്കും കൈകൾക്കും ഗുരുതരമായി പരുക്കേറ്റ അൽത്താഫിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണ് അടിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ അൽത്താഫ് നേരത്തെ പരാതി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്‍റെ വിശദീകരണം. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം, ആക്രമണത്തിന് നേതൃത്വം കൊടുക്കുന്നത് പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ അനുജനാണെന്നും പ്രതികളിൽ ഒരാളായ അബ്ദുൽ മജീദ് പ്രദേശത്ത് നിരന്തരം ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നയാളാണെന്നും ഇയാൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ സഹായം ലഭിക്കുന്നുണ്ടെന്നും സിപിഐഎം നെല്ലിക്കുഴി നോർത്ത് ലോക്കൽ കമ്മിറ്റി ആരോപിച്ചു. പ്രദേശത്തെ ഗുണ്ടാവിളയാട്ടത്തിനെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്നും ലോക്കൽ കമ്മിറ്റി വ്യക്തമാക്കി.