സെയ്ഫ് അലിഖാന്‍, ഷെരിഫുള്‍ ഇസ്ലാം
മുംബൈ: നടന്‍ സെയ്ഫ് അലിഖാന് കുത്തേറ്റ കേസില്‍ 1000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായ പ്രതിയായ ഷരീഫുള്‍ ഇസ്ലാമിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും സെയ്ഫ് അലി ഖാന്‍റെ ശരീരത്തില്‍ നിന്നും പ്രതിയില്‍ നിന്നും കണ്ടെത്തിയ കത്തിയുടെ ഭാഗങ്ങള്‍ ഒരേ കത്തിയുടെ മൂന്ന് ഭാഗങ്ങളാണെന്ന് ഫോറന്‍സിക് ലാബിന്‍റെ റിപ്പോര്‍ട്ടും ഈ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പ്രതി ഷെരീഫുല്‍ ഇസ്ലാം നടന്‍റെ ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ചു കയറി മോഷണ ശ്രമം നടത്തിയെന്നാണ് ആരോപിക്കപ്പെടുന്നത്. ജനുവരി 16 നാണ് സംഭവം നടന്നത്. സംഭവത്തിനിടെ, ഖാന്‍റെ നെഞ്ചിലെ നട്ടെല്ലിനും മറ്റ് ശരീരഭാഗങ്ങള്‍ക്കും ഗുരുതരമായി പരുക്കേറ്റു. തുടര്‍ന്ന് നടനെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ജനുവരി 21 ന് ഡിസ്ചാര്‍ജ് ചെയ്തു. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്ന പ്രതി കോല്‍ക്കത്തയിലെ ഒന്നിലധികം സ്ഥലങ്ങളില്‍ താമസിച്ചതിന് ശേഷമാണ് മുംബൈയില്‍ എത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.