പ്രതിഷേധിക്കാനുള്ള അവകാശം ദുര്‍ബലപ്പെടുത്തുന്നു
മുംബൈ: ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനും വിദ്വേഷ പ്രസംഗങ്ങളും കുറ്റകൃത്യങ്ങളും നേരിടാനും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഭരണം ആവശ്യപ്പെടാനും പൗരന്മാര് മുന്നിട്ടിറങ്ങണമെന്ന് ബോംബെ കാത്തലിക് സഭയും സംവിധാൻ ജാഗര്‍ യാത്രാ സമിതിയും ആവശ്യപ്പെട്ടു. വ്യാഴാഴ്ച ഗോരേഗാവ് വെസ്റ്റിലെ ഹോട്ടല്‍ രത്നയില്‍ സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണ പരിപാടിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഭരണഘടനയുടെ ആമുഖത്തില്‍ വിഭാവനം ചെയ്യുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങള്‍ പ്രായോഗികമാക്കണമെന്നും നിസംഗത വെടിഞ്ഞ് സാമൂഹിക-സാമ്പത്തിക സമത്വത്തിനായി പ്രവര്‍ത്തിക്കണം. മതത്തിന്റെയും വര്‍ഗത്തിന്റെയും പേരിലുള്ള വിവേചനങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും ചെറുക്കണമെന്നും, വെറും ചടങ്ങുകള്‍ക്കപ്പുറം ജനാധിപത്യപരമായ ഇടപെടലുകള്‍ ശക്തമാക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. സ്ഥാപനപരമായ പരിഷ്കാരങ്ങളും വേഗതയേറിയതും ഫലപ്രദവുമായ നീതിന്യായ നിര്‍വഹണവും അനിവാര്യമാണെന്നും പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.
പ്രതിഷേധിക്കാനുള്ള അവകാശം ഉള്‍പ്പെടെയുള്ള ഭരണഘടനാ മൂല്യങ്ങള്‍ ദുര്‍ബലപ്പെടുത്തുകയാണെന്ന് സംഘാടകര്‍ വിമര്‍ശിച്ചു. ജനാധിപത്യത്തെ ആഘോഷിക്കാനും ഭരണഘടനാ ആശയങ്ങളെക്കുറിച്ച് അവബോധം വളര്‍ത്താനും പൗരന്മാര് ഒത്തുചേരണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് യുവരാജ് മോഹിതെ, അഭിഭാഷക റേച്ചല്‍ ഡിസില്‍വ, സംവിധാൻ ജാഗര്‍ യാത്രാ സമിതിയിലെ ശ്രീധര്‍ ഷെലാര്‍, സാമൂഹിക പ്രവര്ത്തകന് സലിം സാബൂവാല, ബാംസെഫിലെ കിരണ്‍ സാവന്ത്, ബോംബെ കാത്തലിക് സഭയിലെ ഡോള്‍ഫി ഡിസൂസ തുടങ്ങിയവര്‍ സംസാരിച്ചു.