നിലവാരമില്ലാത്ത മരുന്നുകള്‍ നല്‍കിയ കമ്പനിയുടെ ലൈസന്‍സ് റദാക്കി എഫ്ഡിഎ
മുംബൈ: നിലവാരമില്ലാത്തതും വ്യാജവുമായ മരുന്നുകള്‍ നിര്‍മിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പുനെ ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ലൈസന്‍സ് മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) റദാക്കി. ഇന്‍ഡുകെയര്‍ ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷനാണ് നടപടി നേരിട്ടത്. നിര്‍മാണം, പാക്കിങ്, പരിശോധന, വിതരണം തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടതായി എഫ്ഡിഎ അധികൃതര്‍ അറിയിച്ചു.
ഒക്റ്റോബറിൽ കമ്പനിക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നവംബര്‍ മൂന്നിന് കമ്പനി രേഖാമൂലം മറുപടി സമര്‍പ്പിച്ചു. 23-ന് നേരിട്ട് ഹിയറിങ് നടത്തി. രോഗികളില്‍ നിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന കമ്പനിയുടെ വാദം ലൈസന്‍സിങ് അതോറിറ്റി അംഗീകരിച്ചില്ല. പരാതികളില്ലെങ്കിലും വ്യാജവും നിലവാരമില്ലാത്തതുമായ മരുന്നുകള്‍ ഉപയോഗിക്കുന്നതിലൂടെ ചികിത്സ പരാജയപ്പെടാനുള്ള സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയാണ് ലൈസന്‍സ് റദാക്കിയത്.