14 വയസ്സുകാരന്‍ സഹപാഠിയായ പെണ്‍കുട്ടിയെ കുത്തി പരുക്കേല്‍പ്പിച്ചു

 
Mumbai

പുനെയിൽ 14 വയസുകാരന്‍ സഹപാഠിയായ പെണ്‍കുട്ടിയെ കുത്തി പരുക്കേല്‍പ്പിച്ചു

ക്ലാസ് മുറിക്ക് പുറത്തുവച്ച് വിദ്യാര്‍ഥി കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ മുഖത്തും നെഞ്ചിലും കുത്തുകയായിരുന്നു

Mumbai Correspondent

പുനെ: നൃത്ത വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ സഹപാഠിയുടെ ക്രൂരമായ ആക്രമണം. ക്ലാസ് മുറിക്ക് പുറത്തുവച്ച് 14 വയസുകാരനായ വിദ്യാര്‍ഥി കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ മുഖത്തും നെഞ്ചിലും കുത്തുകയായിരുന്നു. പുനെ ബലേവാഡിയിലെ ഒരു ഇംഗ്ലിഷ് മീഡിയം സ്‌കൂളിലാണ് സംഭവം.

ഒക്റ്റോബർ 17, 18 തീയതികളില്‍ സ്‌കൂളില്‍ നിന്ന് പാഞ്ചഗണി, മഹാബലേശ്വര്‍ എന്നിവിടങ്ങളിലേക്ക് പോയ ടൂറിനിടെ പകര്‍ത്തിയ ഇന്‍സ്റ്റഗ്രാം വീഡിയോകളെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. യാത്രയ്ക്കിടയില്‍ ചില പെണ്‍കുട്ടികള്‍ നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ഥി മൊബൈലില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതിനെതിരേ മറ്റു വിദ്യാര്‍ഥികള്‍ രംഗത്തുവരികയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായി ആണ്‍കുട്ടി പെണ്‍കുട്ടിയെ കുത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിച്ചു. ആണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു.