നാസിക് ത്രയംബകേശ്വര്‍ കുംഭമേളയ്ക്ക് തുടക്കം

 
Mumbai

നാസിക് ത്രയംബകേശ്വര്‍ കുംഭമേളയ്ക്ക് തുടക്കം

21 മാസമാണ് കുംഭമേള നീണ്ടുനില്‍ക്കുന്നത്

Mumbai Correspondent

നാസിക്: നാസിക് ത്രയംബകേശ്വര്‍ കുംഭമേളയ്ക്ക് തുടക്കംകുറിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു ശനിയാഴ്ച ധ്വജാരോഹണച്ചടങ്ങ് നടത്തി. ഗോദാവരി നദിയുടെ തീരത്തുള്ള രാംകുണ്ഡില്‍ പൂജാകര്‍മങ്ങള്‍ക്കുശേഷമാണ് രാഷ്ട്രപതി പതാക ഉയര്‍ത്തിയത്.

മഹാരാഷ്ട്രാ ഗവര്‍ണര്‍ ജിഷ്ണുദേവ് വര്‍മ, ഉപമുഖ്യമന്ത്രിമാരായ ഏക്‌നാഥ് ഷിന്‍ഡെ, സുനേത്രാ പവാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പുരോഹിത് സംഘ് പ്രസിഡന്റ് ചന്ദ്രശേഖര്‍ പഞ്ചാക്ഷരിയും സിംഹസ്ഥകമ്മിറ്റി മുഖ്യ ട്രസ്റ്റി സതീഷ് ശുക്ലയും ചേര്‍ന്നാണ് രാംകുണ്ഡിലെ പൂജാകര്‍മങ്ങള്‍ നടത്തിയത്. 21 മാസമാണ് കുംഭമേള നീണ്ടുനില്‍ക്കുന്നത്.

കുംഭമേളയുടെ തുടക്കത്തോടനുബന്ധിച്ച് രാംകുണ്ഡിലെ പുരാതന ഗംഗാഗോദാവരി ക്ഷേത്രം 11 വര്‍ഷത്തിനുശേഷം ശനിയാഴ്ച തുറന്നു. ധ്വജാരോഹണത്തിനുശേഷം രാഷ്ട്രപതി ത്രയംബകേശ്വറിലെത്തി പൂജാകര്‍മങ്ങള്‍ നടത്തുകയും ശൈവ അഘാഡകളിലെ സന്ന്യാസിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തുടര്‍ന്ന് നാസിക്കിലേക്ക് മടങ്ങിയെത്തി രാംകുണ്ഡിലെ ഗോദ ആരതിയില്‍ പങ്കെടുത്തു. രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ 6657 ആദിവാസികള്‍ ഗോദാ ആരതി നടത്തി.